ജീവിതത്തിൽ വീശിയ കാരുണ്യക്കാറ്റിന്റെ ഓർമയിൽ അവർ...
text_fieldsഷാർജ: ഇമാറാത്തികളുടെ സ്നേഹവും കാരുണ്യവും സഹാനുഭൂതിയും സഹകരണവും അനുഭവിക്കാത്ത ഒരു പ്രവാസി പോലും യു.എ.ഇയിലുണ്ടാകില്ല. പൗരാണിക അറബ് പാരമ്പര്യത്തിൽ അലിഞ്ഞുചേർന്ന ഇൗ മൂല്യങ്ങളുടെ നേർസാക്ഷ്യമായിരുന്നു, യു.എ.ഇ പൗരന്മാർക്കുള്ള സ്നേഹസമ്മാനമായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'ശുക്റൻ ഇമാറാത്ത്' പരിപാടി. ചടങ്ങിൽ മുഖ്യാതിഥികളായി പെങ്കടുത്തവരെല്ലാം യു.എ.ഇ പൗരന്മാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുപറ്റിയതിന്റെ ഓർമകൾ വേദിയിൽ പങ്കുവെച്ചു.
1960കളുടെ രണ്ടാംപാതിയിൽ കോഴിക്കോട് നിന്ന് ജീവിതത്തിനും മരണത്തിനുമിടയിലൂടെ പത്തേമാരിയിൽ പേർഷ്യയിലേക്ക് പുറപ്പെട്ട പിതാവിന്റെ അനുഭവങ്ങളിലൂടെ സഞ്ചരിച്ചാണ് ജലീൽ ഹോർഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ് യു.എ.ഇയുടെ സ്നേഹത്തെ കുറിച്ച് സംസാരിച്ചത്. ജലീൽ ട്രേഡേഴ്സ് സ്ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി അന്ന് പ്രാരബ്ധങ്ങളുടെ ഭാണ്ഡവും യൗവനത്തിന്റെ ആവേശവും പേറി ആദ്യം ഒമാനിലും പിന്നീട് ഖോർഫുക്കാനിലൂടെ യു.എ.ഇയിലും എത്തിയതും ജീവിതം കെട്ടിപ്പടുത്തതും വൈകാരികത ചോരാതെ സമീർ പങ്കുവെച്ചു. റാസൽഖൈമയിൽ ചെറിയ തോതിൽ പിതാവിന് ബിസിനസ് തുടങ്ങാനായതും അത് വളർത്തി വലുതാക്കാനായതും യു.എ.ഇ പൗരന്മാരുടെ സഹകരണവും സ്നേഹവുംകൊണ്ടാണെന്ന് സമീർ പറഞ്ഞത് കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പരസ്പരമുള്ള അപൂർവ സൗഹൃദത്തിന്റെയും ഉൗഷ്മള ബന്ധത്തിന്റെയും കഥയാണ് ഉദ്ഘാടകനായ ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമിയും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ആർ. ഹരികുമാറും പങ്കുവെച്ചത്. പ്രവാസിയായി യു.എ.ഇയിലെത്തിയ ഹരികുമാർ ജീവിതവിജയം കൈവരിച്ച കഥ ഉദ്ഘാടന പ്രസംഗത്തിൽ തന്നെ ഉബൈദ് മുഹമ്മദ് അൽ സലാമി സൂചിപ്പിച്ചിരുന്നു.
പിന്നീട് സംസാരിച്ച ഹരികുമാർ 2000 ഡിസംബർ ഏഴിന് യു.എ.ഇയിലെത്തിയതുമുതൽ ഉബൈദ് മുഹമ്മദ് അൽ സലാമിയുമായി തുടരുന്ന ബന്ധം സദസ്സുമായി പങ്കുവെച്ചു. തുടക്കക്കാലത്ത് ഉബൈദ് മുഹമ്മദ് അൽ സലാമിക്കൊപ്പം സിനിമക്കുപോയിരുന്ന നാളുകളും ജോലി നഷ്ടമായപ്പോൾ അദ്ദേഹം സഹായിച്ചതുമെല്ലാം ഹരികുമാർ വിവരിച്ചു. യു.എ.ഇ തന്റെ രണ്ടാം മാതൃരാജ്യമാണെന്നും ജീവിതം സമ്മാനിച്ചത് ഇൗ മണ്ണാണെന്നും പറഞ്ഞ ഹരികുമാർ, കോവിഡ് കാലത്ത് എല്ലാ രാജ്യക്കാരെയും ഒരു വിവേചനവുമില്ലാതെ യു.എ.ഇ ചേർത്തുപിടിച്ചതിനെയും പരാമർശിച്ചു.
സാമ്പത്തികബാധ്യതയുമായി യു.എ.ഇയിലെത്തിയതും ഇമാറാത്തികളുടെ കാരുണ്യത്തിലൂടെ അതെല്ലാം പരിഹരിച്ച് കുടുംബത്തെ രക്ഷിച്ചതുമാണ് മുസാഫിർ ട്രാവൽസ് സി.ഒ.ഒ റഹീഷ് ബാബുവിന് പറയാനുണ്ടായിരുന്നത്. തന്നെ വിശ്വസിച്ച് അന്നത്തെ അർബാബ് പണം മുൻകൂറായി നൽകിയതു മുതൽ ഇൗ ജനതയുടെ നന്മയും സ്നേഹവും അനുഭവിച്ചു വരികയാണെന്നും റഹീഷ് ബാബു പറഞ്ഞു. അഭയം തേടിയെത്തിയവരെ അതിഥികളായി സ്വീകരിച്ച് അന്നമൂട്ടുകയും സ്വപ്നങ്ങൾ സഫലമാക്കാനുള്ള യാത്രയിൽ വീഴാതെ താങ്ങിപ്പിടിക്കുകയും ചെയ്ത ഇമാറാത്തികളെ കുറിച്ചുള്ള സ്നേഹസ്മരണകളുമായിട്ടാണ് 'ശുക്റൻ ഇമാറാത്തി'ൽ പെങ്കടുത്ത ഓരോ പ്രവാസികളും ഷാർജ എക്സ്പോ സെന്ററിൽനിന്ന് യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.