ദുരിതപർവം: പരസ്പരം സമാശ്വസിപ്പിച്ച് യു.എ.ഇയില്‍ കുടുങ്ങിയവര്‍
text_fieldsറാസല്‍ഖൈമ: പ്രതിസന്ധി അകലും നമ്മള് അതിജീവിക്കും. പരസ്പരം സമാശ്വസിപ്പിക്കുകയാണ് സൗദി, കുവൈത്ത് യാത്രക്കിടെ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസി മലയാളികള്‍. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സൗദിയും കുവൈത്തും മുന്‍കരുതല്‍ നടപടി ഊര്‍ജിതമാക്കിയതോടെയാണ് ഇവര്‍ യു.എ.ഇയില്‍ കുടുങ്ങിയത്.
ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിദേശികള്‍ക്ക് കുവൈത്ത് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഫെബ്രുവരി രണ്ട് മുതല്‍ ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയും അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി.
മഹാമാരിയേൽപിച്ച ആഘാതത്തില്‍ നിന്ന് എങ്ങനെയും കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി വന്ന യാത്രവിലക്കില്‍ നൂറുകണക്കിന് പ്രവാസി മലയാളികളെയാണ് ദുരിതത്തിലായത്. രണ്ടാമത് വിലക്ക് വരുന്നതിന് മുമ്പ് 600ലേറെ മലയാളികള്‍ വിമാന- ബസ് മാര്‍ഗം യു.എ.ഇ അതിര്‍ത്തി കടന്നിരുന്നു.
റാസല്‍ഖൈമയില്‍ സഹോദരനുള്ളത് തനിക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളുമില്ലാത്ത ഒട്ടേറെ പേര് പ്രയാസപ്പെടുകയാണെന്ന് സൗദി യാത്രക്കിടെ യു.എ.ഇയില്‍ കുടുങ്ങിയ തൃശൂര്‍ ആലിക്കര സ്വദേശി നൗഷാദ് അലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം യു.എ.ഇയില്‍ കുടുങ്ങിയ സൗദി യാത്രികര്‍ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി. ഗ്രൂപ്പില്‍ 60ലേറെ പേര് ചേര്‍ന്നു.
ഭക്ഷണവും താമസവും തന്നെയാണ് കൂടുതലാളുകളുടെയും പ്രശ്നം. സൗദിയിലേക്ക് 12,000 റിയാല്‍ വരെ ചെലവാക്കി എന്‍ട്രി പെര്‍മിറ്റ് സംഘടിപ്പിച്ചവര്‍, 11 മാസത്തോളം നാട്ടില്‍ നിന്ന് നിവൃത്തിയേതുമില്ലാതെ വീണ്ടും യാത്രക്ക് ഇറങ്ങിയവര്‍, കുടുംബ പ്രാരബ്ധക്കാര്‍ എല്ലാവരും തങ്ങളുടെ വിഷമതകള്‍ ഗ്രൂപ്പില്‍ പങ്കുവെക്കുന്നു. കേരളത്തില്‍ നിന്ന് യു.എ.ഇക്ക് 350- 450 ദിര്‍ഹമാണ് വിമാന ടിക്കറ്റ് നിരക്ക്.
ദുബൈ - സൗദി യാത്രക്ക് 1800 ദിര്‍ഹവും. 2400 ദിര്‍ഹം വിമാന ടിക്കറ്റിനിത്തില് മാത്രം സൗദി യാത്രികര്‍ ചെലവഴിച്ചു കഴിഞ്ഞു. വിസ ചെലവ് വേറെ. നിനച്ചിരിക്കാതെ യു.എ.ഇയില്‍ തങ്ങുന്ന ഓരോ ദിവസവും വരുന്ന അധിക ചെലവാണ് ഇപ്പോഴത്തെ ബാധ്യത. ചില സുമനസ്സുകളും ഓര്മ, ചേതന കൂട്ടായ്മകളും ലോക് കേരള സഭാംഗങ്ങളും സാന്ത്വനവുമായി കൂടെയുള്ളത് ആശ്വാസം നല്‍കുന്നുണ്ട് -നൗഷാദ് അലി തുടര്‍ന്നു.സൗദി യാത്രക്കിടെ യു.എ.ഇയില്‍ കുടുങ്ങിയ 30ഓളം പേര്‍ക്ക് ഓര്‍മയും ചേതനയും താമസ സൗകര്യം നല്‍കുന്നുണ്ടെന്ന് ഭാരവാഹികളായ അൻവർ ഷാഹിയും അക്ബര്‍ ആലിക്കരയും പറഞ്ഞു.
കുവൈത്ത് യാത്രക്കിടെ ഇവിടെ കുടുങ്ങിയ 13 പേര്‍ക്ക് അജ്മാനില്‍ താമസ സൗകര്യം ഒരുക്കിയതായി ലോക കേരള സഭാംഗം കുഞ്ഞഹമ്മദ് വ്യക്തമാക്കി. സൗദി യാത്രികരായ 11 മലയാളികള്‍ക്ക് ദുബൈയിലും താമസവും ഭക്ഷണ സൗകര്യവും നല്കി. യു.എ.ഇയില്‍ കുടുങ്ങിയ മലയാളികളുടെ വിഷമാവസ്ഥകള്‍ നോര്‍ക്ക അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആശ്വാസ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപന തോത് കുറയുക മാത്രമാണ് ഇവരുടെ സുസ്ഥിര സമാശ്വാസത്തിനുള്ള വഴി. സര്‍വരും നിസ്സഹായരാകുമ്പോള്‍ തന്നെ സുമനസ്സുകളുടെ കൈയയഞ്ഞ സഹായം പ്രതീക്ഷ നല്‍കുന്നതാണെന്നും കുഞ്ഞഹമ്മദ് തുടര്‍ന്നു.
യു.എ.ഇയില്‍ കുടുങ്ങിയ സൗദി യാത്രികര്‍ക്ക് ദുബൈ ടു സൗദി ടീം എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പില്‍ ചേരാന്‍ അഡ്മിന് റഷീദ് പട്ടാമ്പിയുമായി ബന്ധപ്പെടാം. വാട്സ്ആപ് നമ്പര്‍: 00966536910348. ഫോണ്‍: 058 2231538. ഗ്രൂപ്പിലുള്ളവരില്‍ നല്ല ശതമാനവും സ്വന്തമായി താമസ സൗകര്യം കെണ്ടത്തിയവരാണെന്ന് റഷീദ് പട്ടാമ്പി അഭിപ്രായപ്പെട്ടു.യു.എ.ഇയില്‍ തങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ദുബൈ ടു സൗദി ടീം കൂട്ടായ്മ അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.