ദുരിതത്തിലായ യു.പി സ്വദേശി നാടണഞ്ഞു
text_fieldsഅൽഐൻ: മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞ യു.പി ബറേലി സ്വദേശി മുഹമ്മദ് സാദിഖ് ഇന്ത്യൻ എംബസിയുടെയും അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍ററിന്റെയും പ്രവാസി ഇന്ത്യ അൽഐന്റെയും കൂട്ടായ പ്രവർത്തനഫലമായി നാടണഞ്ഞു. 2018ലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ദുരിതത്തിലാകുന്നത്.
വിസിറ്റ് വിസയിൽ ആളുകളെ കൊണ്ടുവന്നതിന് ഒരു ട്രാവൽ ഏജൻസിയിൽ സെക്യൂരിറ്റി നിൽക്കുകയും അത് ഇദ്ദേഹത്തിന് ബാധ്യതയായി തീരുകയുമായിരുന്നു. തുടർന്ന് ട്രാവൽ ഏജൻസി ഇദ്ദേഹത്തിനെതിരെ കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു. കോടതി 16,000 ദിർഹം ട്രാവൽ ഏജന്‍റിന് നൽകാൻ വിധിച്ചതിനെ തുടർന്നാണ്, ആ തുക നൽകാൻ കഴിയാതെ ഇദ്ദേഹം ദുരിതത്തിലാകുന്നത്. കഴിഞ്ഞ ഒമ്പതുമാസമായി അൽഐൻ നഗരത്തിലെ പാർക്കുകളിലും റോഡരികിലുമായി കഴിഞ്ഞുകൂടുകയായിരുന്നു മുഹമ്മദ് സാദിഖ്. സമയത്തിന് ഭക്ഷണം ലഭിക്കാതിരുന്നതിനാൽ തീർത്തും അവശനായിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തുന്നത്.
നഗരത്തിലെ ഹോട്ടലുകളിൽനിന്ന് സൗജന്യമായി നൽകുന്ന ഭക്ഷണവും മറ്റുമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. കേസിൽ ഉൾപ്പെടുന്നതിനുമുമ്പ് അൽഐനിൽ തയ്യൽ തൊഴിലാളിയായിരുന്നു. ഇതറിഞ്ഞ അൽഐൻ പ്രവാസി ഇന്ത്യ പ്രവർത്തകരും അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫയും ട്രാവൽ ഏജന്റുമായി സംസാരിച്ച്, കോടതി വിധിച്ച 16,000 ദിർഹം 4000 ദിർഹമായി കുറക്കുകയായിരുന്നു. ഈ തുക സംഘടിപ്പിച്ച് ഒന്നരമാസത്തെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിന് തിരികെ നാട്ടിലേക്ക് പോകാൻ ഔട്ട്പാസ് ലഭിക്കുന്നതിന് ഇന്ത്യൻ എംബസിയും വലിയ സഹായവുമായി രംഗത്തെത്തി.
നാട്ടിലേക്കുള്ള വിമാന യാത്രാ ടിക്കറ്റ് നൽകിയതും ഇന്ത്യൻ എംബസിയാണ്.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫയും അൽഐൻ പ്രവാസി ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.