ആവശ്യക്കാരേറെ; "ദീവ'ഐ.പി.ഒ 17 ശതമാനമാക്കി ഉയർത്തി
text_fieldsദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യുടെ ഇനിഷ്യൽ പബ്ലിക് ഓഫർ(ഐ.പി.ഒ) 17ശതമാനമാക്കി ഉയർത്തി. നേരത്തേ ഐ.പി.ഒ വഴി കമ്പനിയുടെ 6.5ശതമാനം, അഥവാ ഏകദേശം 3.25 ബില്യൻ ഷെയറുകളാണ് വിറ്റഴിക്കുമെന്ന് അറിയിച്ചിരുന്നത്.
പുതിയ അറിയിപ്പു പ്രകാരം 8.50ബില്യൺ ഷെയറുകൾ വിൽക്കും. ദീവയുടെ ഷെയർ സ്വന്തമാക്കുന്നതിന് വലിയ പ്രതികരണം ദൃശ്യമായ സാഹചര്യത്തിലാണ് ഐ.പി.ഒ ഉയർത്തിയിരിക്കുന്നത്. മാർച്ച് 24 മുതലാണ് നിക്ഷേപകർ കാത്തിരുന്ന ദീവയുടെ ഐ.പി.ഒ ലഭ്യമായിത്തുടങ്ങിയത്. ബാക്കി 83 ശതമാനം ഷെയറും ദുബൈ സർക്കാർ ഉടമസ്ഥതയിലായിരിക്കും.
ആദ്യ ഘട്ടത്തിൽ യു.എ.ഇയിൽ താമസക്കാരായ റീടെയിൽ നിക്ഷേപകർക്കാണ് സബ്സ്ക്രിപ്ഷന് അവസരമുള്ളത്. 5000 ദിർഹമാണ് ഇതിൽ പങ്ക് ചേരാനുള്ള ഏറ്റവും ചെറിയ തുക. തുടർന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി എത്ര ഷെയറും കരസ്ഥമാക്കാം. രണ്ടാം ഘട്ടം യു.എ.ഇക്ക് അകത്തും പുറത്തുമുള്ള പ്രഫഷനൽ നിക്ഷേപർക്കുള്ളതാണ്.
മൂന്നാം ഘട്ടം എംപ്ലോയീസ് ഉൾപ്പെടുന്ന ദീവയോട് ചേർന്ന് മുന്നോട്ട് പോകുന്നവർക്ക് മുൻഗണനയുള്ളതും ആദ്യ ഘട്ടത്തിന്റെ തുടർച്ചയെന്നോണം പൊതുനിക്ഷേപകരെ പരിഗണിച്ചുള്ളതുമാണ്. നിക്ഷേപങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ ഡിവിഡന്റുകൾ നൽകുന്ന രീതിയിലാണ് നിലവിൽ ഇൻവെസ്റ്റ്മെന്റ് പ്ലാൻ സെറ്റ് ചെയ്തിരിക്കുന്നത്.
ഷെയർ സ്വന്തമാക്കാൻ നിക്ഷേപകർക്ക് ഡി.എഫ്.എം ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് നമ്പർ (എൻ.ഐ.എൻ) ഉണ്ടാകാമെന്നതാണ് ഒരു പ്രധാന നിബന്ധന. ഡി.എഫ്.എം ആപ് വഴി ചെറിയ സ്റ്റെപ്പുകളിലൂടെ ഷെയർ നേടാം. ഏപ്രിൽ രണ്ടു വരെയാണ് റീടെയിൽ ഓഫറിങ്ങിനായി നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.