വൈദ്യുതി വിതരണ രംഗത്ത് റെക്കോഡ് വേഗം കൈവരിച്ച് ‘ദീവ’
text_fieldsദുബൈ: വൈദ്യുതി വിതരണ രംഗത്ത് കൂടുതൽ കാര്യക്ഷമത കൈവരിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). കഴിഞ്ഞ ആറു മാസത്തിനിടെ ദീവ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കമീഷൻചെയ്ത 11കെ.വി സബ്സ്റ്റേഷനുകൾ 676 ആണ്. ഇതുവഴി ആറു മാസത്തിനിടെ ദുബൈയിൽ സൃഷ്ടിക്കപ്പെട്ടത് 5,05,684 മനുഷ്യ തൊഴിൽ സമയം.
സബ്സ്റ്റേഷനുകളുടെ നിർമാണം, പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ വഴിയാണ് ഇത്രയധികം തൊഴിൽ സമയം സൃഷ്ടിക്കപ്പെട്ടത്. അതേസമയം, 676 പുതിയ സബ്സ്റ്റേഷനുകൾ കൂടി കമീഷൻ ചെയ്തതോടെ നിലവിൽ എമിറേറ്റിലെ ആകെ 11 കെ.വി /6.6 കെവി സബ്സ്റ്റേഷനുകളുടെ എണ്ണം 43,357 ആയി ഉയർന്നു. വൻകിട വാണിജ്യ ആവശ്യങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി നിർമിച്ച 33 കെ.വി സബ്സ്റ്റേഷനുകളുടെ എണ്ണം 74 ആണ്.
ദീവയുടെ വൈദ്യുതി വിതരണ ലൈനുകളുടെ വിശ്വാസ്യതയും ലഭ്യതയും നൂറു ശതമാനമാണെന്ന് ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. വൈദ്യുതി വിതരണത്തിനായി ഏറ്റവും കാര്യക്ഷമവും നൂതനവും സമഗ്രവുമായ മാർഗങ്ങളാണ് ദീവ തേടുന്നത്. ദുബൈയിൽ 2012ൽ പ്രതിവർഷ ഉപഭോക്തൃ സമയനഷ്ടം (സി.എം.എൽ) 6.88 മിനിറ്റായിരുന്നു. 2022ൽ ഇത് 1.19 മിനിറ്റായി കുറക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ വൈദ്യുതിവിതരണം ഏറ്റവും വിശ്വസനീയവും കാര്യക്ഷമവുമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.