എക്സ്പോ സിറ്റിയിലും ദീപാവലി ആഘോഷം
text_fieldsദുബൈ: ദീപാവലി ആഘോഷത്തിനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യക്കാരായ പ്രവാസികൾ. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷദിനം. ഇതിന് മുന്നോടിയായി താമസസ്ഥലങ്ങളിലും മറ്റും ദീപാലങ്കാരങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഉത്തരേന്ത്യക്കാരാണ് ദീപാവലി വിപുലമായി ആഘോഷിക്കുന്നത്. വിവിധ സൂപ്പർമാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും ഓഫറുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഈ മാസം മുതൽ പൂർണമായും പ്രവർത്തനമാരംഭിച്ച എക്സ്പോ സിറ്റിയിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഇതിന്‍റെ ഭാഗമായി സൗജന്യ ലൈറ്റ് ഷോയാണ് അൽ വസ്ൽ പ്ലാസയിൽ ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 7.45 മുതൽ എട്ടുവരെ ആദ്യ ഷോയും തുടർന്ന് 9.12 മുതൽ 9.30 വരെ 18 മിനിറ്റ് ദൈർഘ്യമുള്ള നൈറ്റ് ഷോയും പ്രോജക്ട് ചെയ്യും. ഞായറാഴ്ച പ്രത്യേക ദീപാവലി ഷോകൾ വൈകീട്ട് 6.30 മുതൽ 6.45 വരെയും പിന്നീട് 7.40 മുതൽ 7.55 വരെയും അൽ വസ്ൽ താഴികക്കുടത്തിൽ പ്രകാശിപ്പിക്കും.
അതിനിടെ തിങ്കളാഴ്ച അവധി നൽകാൻ ചില സ്കൂളുകൾ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയും അവധി നൽകുന്ന സ്കൂളുകളുമുണ്ട്. ശനി, ഞായർ ദിവസങ്ങളുമായി ചേർന്നുവരുമ്പോൾ ഇത്തരം സ്കൂളുകളിലെ വിദ്യാർഥികൾക്ക് നാലുദിവസം വരെ അവധി ലഭിക്കും. ചില സ്കൂളുകളിൽ മിഡ്ടേം അവധിയുമായി ചേർത്താണ് ദീപാവലി അവധി നൽകുന്നത്.
മറ്റു ചില സ്കൂളുകളിൽ തിങ്കളാഴ്ച പ്രത്യേക ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബൈ, സ്പ്രിങ് ഡെയ്ൽസ് സ്കൂൾ ദുബൈ, അമിറ്റി സ്കൂൾ ദുബൈ തുടങ്ങിയവയാണ് രണ്ടു ദിവസത്തെ അവധി നൽകുന്നത്. അതേസമയം ജെംസ് ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തിങ്കളാഴ്ച മാത്രമാണ് അവധി പ്രഖ്യാപിച്ചത്. ഷാർജ ഇന്ത്യൻ സ്‌കൂൾ, അംബാസഡർ സ്‌കൂൾ തുടങ്ങി ഷാർജയിലെ ഒട്ടുമിക്ക സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.