അമ്മ കാത്തിരുന്നു; ഒറ്റയാൾ വിമാനത്തിൽ ആറുവയസുകാരി അബൂദബിയിൽ എത്തി
text_fieldsദുബൈ: സജിതക്ക് പറയാനുള്ളത് പോരാട്ടത്തിെൻറ കഥയാണെങ്കിൽ ദിയമോൾക്ക് പറയാനുള്ളത് സുന്ദരമായ ഒരു യാത്രയെ കുറിച്ചാണ്. അബൂദബിയിലെ വീട്ടിലിരുന്ന് അമ്മ നടത്തിയ വീഡിയോ കോൾ പോരാട്ടത്തിനൊടുവിൽ ദിയ മരിയ എന്ന ആറ് വയസുകാരി ചെന്നെയിൽനിന്ന് അബൂദബിയിലേക്ക് പറന്നെത്തി. അതും, മറ്റ് യാത്രക്കാരൊന്നുമില്ലാതെ ഒറ്റയാൾ വിമാനത്തിൽ.
ഉറങ്ങിയും കളിച്ചും രസിച്ചുല്ലസിച്ച നാല് മണിക്കൂർ വിമാന യാത്രക്കൊടുവിൽ നാല് മാസത്തിന് ശേഷം അമ്മയുടെയും അഛെൻറയും ചാരത്തെത്തിയ സന്തോഷത്തിലാണ് തൃശൂർ ചാലക്കുടി പോട്ട സ്വദേശി പോളിയുടെയും സജിതയുെടയും മകൾ ദിയ.
നാല് മാസമായി നാട്ടിലകപ്പെട്ട് പോയ മകളെ തിരിച്ചെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു യു.എ.ഇയിലെ നഴ്സായ സജിത. കോവിഡ് തീർത്ത വിലക്കുകളുടെയും നിബന്ധനകളുടെയും കുരുക്കിൽപെട്ട് യാത്ര നീണ്ടെങ്കിലും ശനിയാഴ്ച ഉച്ചക്ക് 2.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ ടിക്കറ്റ് കിട്ടി.
ചെന്നൈ മുഗപ്പേര് വെസ്റ്റിലെ കുടുംബവീട്ടിൽ നിന്ന് കുട്ടിയുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴാകട്ടെ, അധികൃതർ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. യു.എ.ഇ അധികൃതർ നിർദേശിച്ച കോവിഡ് പരിശോധന കേന്ദ്രത്തിൽ നിന്നുള്ള ഫലം വേണമെന്നും മറ്റ് യാത്രക്കാരോടെല്ലാം വരേണ്ടെന്ന് ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രവേശന കവാടത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. സജിതയുടെ അമ്മയുടെ ഫോണിലേക്കും വിമാനത്താവളത്തിൽ നിന്ന് വിളി വന്നിരുന്നെങ്കിലും ‘ഭാഗ്യം’ കൊണ്ട് ഫോൺ എടുത്തില്ല. അധികൃതർ നിലപാടിൽ ഉറച്ചുനിന്നതോടെ സജിത വീഡിയോ കോളിൽ ഇവരുമായി സംസാരിച്ചു.
ആഗസ്റ്റ് ഒന്നിന് ശേഷം മാത്രമാണ് ഈ നിയമം ബാധകമാവുക എന്നും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ടെന്ന് യു.എ.ഇ അറിയിച്ചിട്ടുെണ്ടന്നും ഇവരോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും യു.എ.ഇ അധികൃതരും ഇത്തിഹാദ് സംഘവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട മാരത്തൺ വീഡിയോ കോൾ ചർച്ചക്കൊടുവിലാണ് ദിയമോളുടെ യാത്രക്ക് അനുമതി ലഭിച്ചത്. മറ്റ് യാത്രക്കാരോടെല്ലാം വരേണ്ടതില്ല എന്ന് പറഞ്ഞതിനാൽ ഒറ്റക്കായിരുന്നു യാത്ര.
നാല് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വൈകുന്നേരം 5.45ന് അബൂദബിയിൽ വിമാനമിറങ്ങി. എയർപോർട്ടിന് പുറത്തു കാത്തുനിന്ന രക്ഷിതാക്കളുടെ പക്കലേക്ക് ഇത്തിഹാദ് ജീവനക്കാർ തന്നെയാണ് ദിയയെ എത്തിച്ചത്.
മാർച്ച് പത്തിനാണ് അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദിയ വല്യച്ചനൊപ്പം നാട്ടിലേക്ക് തിരിച്ചത്. ഒരുമാസം കഴിഞ്ഞ് തിരിച്ചുവരാനായിരുന്നു പദ്ധതി. നാട്ടിൽ ഒറ്റക്കായ ദിയയും മോളെ പിരിഞ്ഞിരുന്ന മാതാപിതാക്കളും മനസംഘർഷത്തിലായിരുന്നു. ഇതിനിടെ, നാട്ടിൽ അകപ്പെട്ടുപോയ മക്കളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ അമ്മമാർ തുടങ്ങിയ takemetomom കാമ്പയിനിലും സജിത പങ്കാളിയായി.
ഓരോ വിമാനക്കമ്പനികൾക്കും ഓരോ നിയമം ആണെന്നും എല്ലാവരും ഒരേ നിയമം പിന്തുടർന്നാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുമെന്നും സജിത പറഞ്ഞു. ഇത്തിഹാദ് അധികൃതരുടെ ഇടപെടലാണ് യാത്ര എളുപ്പമാക്കിയത്. നാട്ടിലെ വിമാനത്താവളങ്ങളിലുള്ളവർ നിയമങ്ങളെ കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും അനുഭവത്തിെൻറ വെളിച്ചത്തിൽ സജിത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.