നേരത്തെ കണ്ടെത്തിയാൽ അർബുദത്തെ ഭയക്കേണ്ട
text_fieldsകഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രംതന്നെ ഭയത്തോടെ വീക്ഷിച്ചിരുന്ന രോഗമാണ് അർബുദം. എന്നാൽ, കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അതല്ല അവസ്ഥ. ഗവേഷണങ്ങളും പഠനങ്ങളും പുതിയ ചികിത്സാരീതികളും അർബുദ ചികിത്സാരംഗത്ത് ഉണര്‍വും ആത്മവിശ്വാസവും സൃഷ്ടിച്ചിരിക്കുന്നു. നമുക്ക് ലഭ്യമായ വിവരങ്ങള്‍ ശരിയായ രീതിയിൽ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നല്ലൊരു ശതമാനം അർബുദവും പ്രതിരോധിക്കാം.
രോഗം ഏറ്റവും നേരത്തേ കണ്ടെത്തുക എന്നതാണ് പ്രധാനം. നമ്മുടെ രോഗികളില്‍ ബഹുഭൂരിപക്ഷവും വൈകി മാത്രം രോഗം കണ്ടെത്തുന്നവരാണ്. അതുകൊണ്ടുതന്നെ ചികിത്സ കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതായേക്കും. അർബുദത്തിന്റെ സൂചനകളും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു. അർബുദത്തിന്റെ സൂചനകളെക്കുറിച്ചും സ്ക്രീനിങ്ങിനെക്കുറിച്ചുമുള്ള അവബോധം ആവശ്യമാണ്. ഒപ്പം ആരംഭ ദശയില്‍ രോഗനിര്‍ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങള്‍, സാന്ത്വന ചികിത്സക്കുള്ള പങ്ക് തുടങ്ങിയ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.
രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനുമുമ്പ് അർബുദം കണ്ടുപിടിക്കാന്‍ സ്ക്രീനിങ് സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദവും ഗര്‍ഭാശയ അർബുദവും വളരെ ആരംഭദശയില്‍തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു. പാപ് സ്മിയര്‍ (Pap Smear) പരിശോധനമൂലം സെര്‍വിക്കല്‍ അർബുദം മാത്രമല്ല, ഈ അർബുദത്തിന്റെ മുന്നോടിയായുള്ള രോഗാവസ്ഥയെയും വളരെ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും.
രോഗം നേരത്തെ കണ്ടെത്തുക, കൃത്യസമയത്ത് ചികിത്സ നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ആസ്റ്ററിൽ ട്യൂമർ ബോർഡ് പ്രവർത്തിക്കുന്നുണ്ട്. അർബുദ കേസുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും അറിവു പങ്കുവെക്കുന്നതിനുമായി ആസ്റ്ററിൽ സ്ഥിരമായി യോഗം ചേരുന്ന വ്യത്യസ്ത സ്പെഷാലിറ്റികളുള്ള ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കളുടെയും കൂട്ടമാണ് ട്യൂമർ ബോർഡ്. രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച അർബുദ ചികിത്സയും പരിചരണ പദ്ധതിയും നിർണയിക്കുക എന്നതാണ് ഈ ബോർഡിന്റെ ലക്ഷ്യം. അവബോധം ലക്ഷ്യമിട്ട് ലോക അർബുദ ദിനമായ ഫെബ്രുവരി നാലിന് ആസ്റ്റർ ബോധവത്കരണ കൂട്ടായ്മകൾ നടത്താറുണ്ട്. അർബുദത്തിനെതിരെ പോരാടി വിജയിച്ചവരാണ് ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. ഇക്കുറിയും കൂട്ടായ്മയുണ്ടാകും. അർബുദത്തിനെതിരെ ആത്മവിശ്വാസത്തോടെ പൊരുതാൻ ഇവരുടെ വാക്കുകൾ കരുത്തുപകരും.
നേരത്തെയുള്ള രോഗനിര്‍ണയംകൊണ്ടുള്ള പ്രയോജനങ്ങള്‍
മരുന്നുകള്‍കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യംവരില്ല. ചില സന്ദര്‍ഭങ്ങളില്‍ രോഗംബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷന്). ചികിത്സാ ചെലവും ചികിത്സയുടെ കാലയളവും കുറക്കാന്‍ സാധിക്കും. കൂടുതല്‍ ആത്മവിശ്വാസം നേടാനും സാധിക്കും. ശരിയായ സമയത്തെ രോഗ നിർണയത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും തിരിച്ചു പിടിക്കുന്നത് പലപ്പോഴും ജീവിതം തന്നെയായിരിക്കും. എത്രയും നേരത്തെ രോഗനിർണയം നടത്തുക എന്നതിന് ചികിത്സാ വിജയത്തിൽ പ്രാധാന്യമേറെയാണ്. രോഗം ഭേദമായാലും ആദ്യത്തെ അഞ്ചു വര്‍ഷം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി രോഗം വീണ്ടും വരുന്നില്ല എന്ന് ഉറപ്പാക്കണം. ഭയപ്പെടാതിരിക്കുക,പരിഭ്രമിയ്ക്കാതിരിക്കുക, രോഗം കണ്ടുപിടിച്ച ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക, ചികിത്സയുടെ ഫല പ്രാപ്തിയില്‍ വിശ്വസിക്കുക, ചികിത്സ സംബന്ധിച്ച് വിദഗ്ധരുടെ ഉപദേശങ്ങള്‍ മാത്രം സ്വീകരിക്കുക എന്നിവ പ്രധാനമാണ്.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ആണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.