ട്രാഫിക് പിഴ അടക്കാൻ വൈകരുത്; വാഹനം കണ്ടുകെട്ടും
text_fieldsഅബൂദബി: ട്രാഫിക് കുറ്റങ്ങളുടെ പിഴ അടക്കാൻ കാലതാമസം വരുത്തരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. പിഴയുടെ മൂല്യം 7,000 ദിർഹം എത്തിയാൽ വാഹനം പൊലീസ് പിടിച്ചെടുക്കും.നിയമം ലംഘിക്കുന്ന ഡ്രൈവർമാർ പിന്നീട് പൂർണമായും പിഴ അടയ്ക്കാൻ ബാധ്യസ്ഥരാകുമെന്നും പൊലീസ് വ്യക്തമാക്കി. അടുത്തിടെ പ്രാബല്യത്തിൽ വന്ന വാഹനം പിടിച്ചെടുക്കൽ നിയമത്തിന് വിധേയരാകുന്നവർ നൽകുന്ന ട്രാഫിക് കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചു.
നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത നടപടിയെ എതിർക്കാൻ ഏതൊരു ഡ്രൈവർക്കും അവകാശമുണ്ടെന്നും അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലിം അബ്ദുല്ല ബിൻ ബരാക് അൽ ദാഹിരി പറഞ്ഞു. ഈ പരാതികൾ പ്രത്യേക സമിതിയാവും പിശോധിക്കുക. വലിയ തുകയിൽ എത്തുന്നതുവരെ പിഴയൊടുക്കാതെ കാത്തിരിക്കുന്ന ശീലമാണ് പല നിയമലംഘകരും സ്വീകരിക്കുന്നത്.
പിഴയൊടുക്കാൻ സമയപരിധി നിശ്ചയിക്കുന്നത് നിയമലംഘനങ്ങൾ പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വർധിപ്പിക്കുന്നതിനും പുതിയ നിയമഭേദഗതി കാരണമാകുമെന്ന് അൽ ദാഹിരി വിലയിരുത്തി. ഡ്രൈവർമാർക്ക് അവരവരുടെ ഫോണുകളിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ ട്രാഫിക് പൊലീസ് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.