രാത്രിയിൽ കടലിൽ ഇറങ്ങരുത്; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: രാത്രി സമയങ്ങളിലും പ്രഭാതങ്ങളിലും കടലില്‍ നീന്തുന്നതിന്‍റെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അബൂദബി പൊലീസ്. മുങ്ങിമരണം അടക്കമുള്ള അപകടങ്ങളില്‍നിന്ന് മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള ബോധവത്കരണങ്ങളുടെ ഭാഗമായാണ് പൊലീസ് പൊതുജനങ്ങളെ താക്കീത് ചെയ്തത്. അല്‍ ഹുദരിയാത്ത് ബിച്ച്, അല്‍ ബതീന്‍ ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു പൊലീസിന്‍റെ സുരക്ഷ ബോധവത്കരണം.
മാര്‍ഗനിര്‍ദേശങ്ങളും എമര്‍ജന്‍സി നമ്പറുകളും ഉള്‍പ്പെടുത്തിയ ബ്രോഷറുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. കടലില്‍ നീന്തുന്ന കുട്ടികളെ ശ്രദ്ധിക്കാതിരിക്കുന്നതിന്‍റെ അപകടാവസ്ഥയും പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു നല്‍കി. ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കണം. അപകടസാധ്യത കൂടുതലായതിനാല്‍ കടലിന്‍റെ ആഴമുള്ള ഭാഗത്തു പോയി നീന്തരുതെന്നും പൊലീസ് നിര്‍ദേശിച്ചു.
അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അബൂദബി നഗര-ഗതാഗത വകുപ്പും പൊലീസും സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി. പൊതു ബോധവത്കരണത്തിലൂടെ മുങ്ങിമരണങ്ങളും മറ്റ് അപകടങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.