ഇന്ത്യയിൽ സംസ്കാരത്തിന്‍റെ ശവഭൂമി ഒരുക്കരുത് -സാദിഖലി ശിഹാബ് തങ്ങള്‍
text_fieldsദുബൈ: വൈവിധ്യമാര്‍ന്ന സാംസ്‌കാരികതയെ നെഞ്ചോടുചേര്‍ത്ത പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും ആ സംസ്‌കൃതിയെ ഏകാശയത്തിലേക്ക് നയിക്കുകയെന്നാല്‍ സംസ്‌കാരത്തിന്‍റെ ശവഭൂമി ഒരുക്കുന്നതിന് തുല്യമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'മലപ്പുറോത്സവ് 2022' ചടങ്ങില്‍ ദുബൈ-മലപ്പുറം ജില്ല കെ.എം.സി.സി പ്രസിദ്ധീകരിച്ച 'ഡ്രിസ്സില്‍' സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സൂഫിവര്യന്മാരും പണ്ഡിതന്മാരും എഴുത്തുകാരും സ്വാതന്ത്ര്യ സമര സേനാനികളും നന്മയുടെ സ്വരമാധുര്യം തീര്‍ത്ത മണ്ണാണ് മലപ്പുറം.പ്രവാസ വായനയിലൂടെ പുതുതലമുറക്ക് പോയകാലത്തിന്‍റെ ചരിത്രം പറഞ്ഞുകൊടുക്കുന്ന സമുജ്ജ്വല ഗ്രന്ഥമാണ് 'ഡ്രിസ്സില്‍' സുവനീറെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലും സാംസ്‌കാരിക, രാഷ്ട്രീയ, മതമേഖലകളിലും എണ്ണിയാലൊടുങ്ങാത്ത അടയാളപ്പെടുത്തലുകള്‍ നടത്തിയ മണ്ണാണ് മലപ്പുറത്തിന്‍റേതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഭാരതത്തിന്‍റെ വടക്കൊരു ജാലിയന്‍വാലാബാഗെങ്കില്‍ തെക്ക് ഇങ്ങ് തിരൂരില്‍ വാഗണ്‍ കൂട്ടക്കൊലയുണ്ടായി. അതെല്ലാം ചരിത്രത്തിന്‍റെ മഹാവേദനകളാണ്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജയില്‍ ശിക്ഷയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഇംഗ്ലീഷില്‍ കത്തെഴുതിയ പ്രിയ പത്‌നി മാളു ഹജ്ജുമ്മ ജീവിച്ച 100 വര്‍ഷം മുമ്പുള്ള ആ സംഭവം എത്ര അത്ഭുതകരവും ആവേശദായകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്‍റ് ചെമ്മുക്കന്‍ യാഹുമോൻ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സി.പി. ബാവ ഹാജി, യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറിയും 'ഡ്രിസ്സില്‍' ചീഫ് എഡിറ്ററുമായ പി.കെ. അന്‍വര്‍ നഹ, മാഗസിന്‍ എഡിറ്റര്‍ എ.പി. മുഹമ്മദ് നൗഫല്‍, യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ സംസാരിച്ചു.
ബിസിനസ്, വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുബൈര്‍ നുറുക്കുപറമ്പില്‍, സെയ്ദ് മുഹമ്മദ് അല്‍തഖ്‌വ, ഫിറോസ് കരുമണ്ണില്‍ എന്നിവരെ സയ്യിദ് ശിഹാബ് ഔട്സ്റ്റാൻഡിങ് പേഴ്‌സനാലിറ്റി അവാര്‍ഡ് നല്‍കി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു. യു. അബ്ദുല്ല ഫാറൂഖി, നിസാര്‍ തളങ്കര, സി.വി.എം. വാണിമേല്‍, അഹമ്മദ് സാജു, മുസ്തഫ തിരൂര്‍, പി.കെ. ഇസ്മായില്‍, റാഷിദ് ബിന്‍ അസ്‌ലം, സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, റിയാസ് ചേലേരി, പി.കെ.എ. കരീം, ടി.വി. നസീര്‍, ആര്‍. ശുക്കൂര്‍, കെ.പി.എ. സലാം, ആവയില്‍ ഉമ്മര്‍ ഹാജി, ബക്കര്‍ ഹാജി കരേക്കാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദുബൈ-മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദി പറഞ്ഞു. വി.കെ. റഷീദ് പരിപാടിയുടെ അവതാരകനായിരുന്നു.
ഫാസില ബാനു, അബ്‌ലജ മുജീബ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍രാവ് അരങ്ങേറി. അബ്ദുല്ല മുഹമ്മദ് അന്‍വറിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ ജില്ല ജനറൽ സെക്രട്ടറി പി.വി. നാസര്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.