മാലിന്യം റോഡിലേക്കെറിയരുത്, പിഴ വീഴും
text_fieldsഅബൂദബി: വാഹനങ്ങളില്‍നിന്ന് പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. യാത്രികര്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കില്‍ ഡ്രൈവർക്ക് പിഴ ചുമത്തും. പിഴക്ക് പുറമെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്‍റ് ചുമത്തുമെന്നും പൊലീസ് അറിയിച്ചു. വാഹനങ്ങളിൽനിന്ന് മാലിന്യം വലിച്ചെറിയുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചാണ് പൊലീസ് താക്കീത് നല്‍കിയിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും മാലിന്യം പുറത്തേക്ക് ഇടുന്നത് വര്‍ധിച്ചിട്ടുണ്ട്. പാര്‍ക്കുകളിലും മറ്റും ഇത്തരത്തില്‍ മാലിന്യക്കവറുകള്‍ കാണാനാവും. മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ ഉണ്ടെങ്കിലും അശ്രദ്ധമായി വലിച്ചെറിയുന്നതിനെതിരെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 2019ല്‍ വാഹനങ്ങളില്‍നിന്ന് മാലിന്യം വലിച്ചെറിഞ്ഞതിന് 355 പേരെയാണ് അബൂദബി പൊലീസ് പിടികൂടിയതെന്ന് ഗതാഗതവകുപ്പ് മേധാവി കേണല്‍ സെയ്ഫ് ഹമദ് അല്‍ സഅബി അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ കുറക്കുന്നതിന്‍റെ ഭാഗമായി അബൂദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്കരണം നടത്തുകയും നിരത്തുകളില്‍ അത്യാധുനിക കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അമിതവേഗം, മുന്നറിയിപ്പില്ലാതെയുള്ള ലെയിന്‍ മാറ്റം, മറ്റു വാഹനങ്ങളോട് മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇത്തരം കാമറകള്‍ കണ്ടെത്തുകയും വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.