ഓഫിസുകളിലും അടച്ചിട്ട സ്ഥലത്തും ഇ-സിഗരറ്റ് ഉപയോഗിക്കരുത്
text_fieldsദുബൈ: ഓഫിസുകളിലും അടച്ചിട്ട സ്ഥലങ്ങളിലും ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ചതായി ആരോഗ്യ മന്ത്രാലയം.ഇ-സിഗരറ്റ് ഉപയോഗം പുകയില ഉൽപന്നങ്ങൾ നിയന്ത്രിക്കുന്ന ഫെഡറൽ നിയമത്തിന് കീഴിൽ വരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ഇ-സിഗരറ്റുകളുടെ പരസ്യം പ്രസിദ്ധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകൾ ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ)യുമായി സഹകരിച്ച് ബ്ലോക്ക് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത്, 12 വയസ്സിൽ താഴെയുള്ള കുട്ടിയുടെ സാന്നിധ്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ പുകവലിക്കുന്നത്, പ്രാർഥനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ-കായിക സ്ഥാപനങ്ങളിലും പുകവലിക്കുന്നത്, പുകയില വിതരണത്തിനുള്ള ഓട്ടോമാറ്റിക് വെൻഡിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്, പുകയില പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഫെഡറൽ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യൻ മേഖലയിൽ ഏറ്റവും കുറവ് പുകവലി നിരക്കുള്ള രാജ്യമാണ് യു.എ.ഇ. ടുബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ആഗോള ശരാശരിയേക്കാൾ താഴെയാണ് യു.എ.ഇയിലെ പുകവലി നിരക്ക്. പുകവലി നിരുത്സാഹപ്പെടുത്തുന്നതിന് യു.എ.ഇ നടപ്പാക്കിയ നയങ്ങളാണ് എണ്ണം കുറയാൻ കാരണം. 2017ൽ പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. അതേസമയം, അൽ ഐൻ യൂനിവേഴ്സിറ്റി, സായിദ് യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ 15.1 ശതമാനം വിദ്യാർഥികൾ പുകവലിക്കുന്നവരായി കണ്ടെത്തിയിരുന്നു. ഇതിൽ നാല് ശതമാനം പേർ ഉപയോഗിക്കുന്നത് ഇ-സിഗരറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.