ഡ്രൈവിങ് അറിയുമോ, ഉത്തരം കാർ പറയും
text_fieldsറാസല്‍ഖൈമ: വാഹനമോടിക്കാനൊരുങ്ങുന്നവര്ക്ക് ഡ്രൈവിങ് അറിയുമോ എന്നതിനുള്ള ഉത്തരം റാസല്‍ഖൈമയില്‍ ഇനി ‘കാര്‍’ പറയും. നൂതന സാങ്കേതിക വിദ്യകളിൽ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ട്രാഫിക് ഇന്സ്പെക്ഷന് വെഹിക്കിള്‍ അവതരിപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ ‘സ്മാര്‍ട്ടാ’ക്കുകയാണ് റാസല്‍ഖൈമ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡിപ്പാർട്മെന്റ്.
ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് സേവന കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെല്‍ഫ് ഇവാലുവേറ്റിങ് ഇൻസ്പെക്ഷൻ വെഹിക്കിളിന്റെ ലോഞ്ചിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വഹിച്ചു.
പരീക്ഷാര്‍ഥിയുടെ പ്രയത്നവും സമയവും കുറച്ച് ഡ്രൈവിങ് ടെസ്റ്റ് ലളിതമാക്കുന്നതാണ് സെല്‍ഫ് ഇവാലുവേറ്റിങ് കാറെന്ന് സഖര്‍ ബിന്‍ സുല്‍ത്താന്‍ പറഞ്ഞു. വാണിജ്യ-വിനോദ-വിജ്ഞാന മേഖലകള്‍ തുടങ്ങി സര്‍വ സര്‍ക്കാര്‍ സേവന മേഖലകളിലും ‘സ്മാര്‍ട്ട്’ പരിഷ്കരണങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് റാസല്‍ഖൈമയില്‍ സെല്‍ഫ് ട്രാഫിക് ഇന്സ്പെക്ഷന് വെഹിക്കിള്‍ അവതരിപ്പിക്കുന്നത്.
യു.എ.ഇയുടെ വാഹന-ഗതാഗത നിയമങ്ങളും പരീക്ഷ മാനദണ്ഡങ്ങളും സമ്പൂര്‍ണമായി പിന്തുടര്ന്നാണ് സെല്‍ഫ് ഇവാലുവേറ്റിങ് കാര്‍ പ്രവര്‍ത്തിക്കുക. റാസല്‍ഖൈമയില്‍ നിലവിലുള്ള വാഹന ലൈസന്‍സ് അപേക്ഷ-നടപടി ക്രമങ്ങളില്‍ മാറ്റമില്ല. പരീക്ഷാര്‍ഥിയുടെ പ്രകടനം സ്വയം വിലയിരുത്തുന്ന സെല്‍ഫ് ഇവാലുവേറ്റിങ് കാര്‍ വിജയ-പരാജയ ഫല നിര്‍ണയം നടത്തി വിശദാംശങ്ങള്‍ വേഗത്തില്‍ പരീക്ഷാര്‍ഥിക്ക് ലഭ്യമാക്കും.
കാറിലെ അത്യാധുനിക ‘സ്മാര്‍ട്ട്’ സാങ്കേതിക വിദ്യ പരീക്ഷ ഫലനിര്‍ണയത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പു വരുത്തും. ഇത് ഉപഭോക്താക്കളില്‍ സംതൃപ്തി നിറക്കും.
ടെസ്റ്റില്‍ പരാജയപ്പെടാനിടയായ വിശദാംശങ്ങള്‍ കൃത്യമായി ലഭിക്കുന്ന പരീക്ഷാര്‍ഥിക്ക് തുടര്‍ ടെസ്റ്റിന് കാര്യക്ഷമമായ തയാറാറെടുപ്പുകള് നടത്താന്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. റാക് ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് സേവന കേന്ദ്രത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.