യു.എ.ഇയിൽ മികച്ച ജീവകാരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ സംഭാവനകളർപ്പിച്ചവർക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകും. ഇത്തരക്കാരുടെ പരിശ്രമങ്ങൾക്കും സമർപ്പണത്തിനും അംഗീകാരവും പ്രോൽസാഹനവും നൽകുന്നതിെൻറ ഭാഗമായാണ് 10 വർഷ വിസ നൽകാനുള്ള തീരുമാനം. വ്യാഴാഴ്ച ലോക ജീവകാരുണ്യപ്രവർത്തന ദിനം ആചരിക്കുന്നതിന് മുന്നോടിയായി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. എല്ലാവർഷവും ആഗസ്ത് 19ാണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്.
രൂപീകരണകാലം മുതൽ ഇന്നുവരെ 320ബില്യൺ ദിർഹമിെൻറ സഹായം ലോകത്ത് നൽകിയ രാജ്യത്തിെൻറ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിക്കൊണ്ട് ട്വിറ്ററിൽ കുറിച്ചു. നമ്മുടെ സന്നദ്ധപ്രവർത്തകർ, സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ജീവകാരുണ്യ കൂട്ടായ്മകൾ എന്നിവയുടെ നപടികളിൽ അഭിമാനമുണ്ട്. മികച്ച മാനുഷിക പ്രവർത്തകർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ഈ സാഹചര്യത്തിൽ അറിയിക്കുകയാണ്. യു.എ.ഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണ് -അദ്ദേഹം ട്വിറ്റിൽ കുറിച്ചു.
കോവിഡ് മഹാമാരിക്ക് തുടക്കം കുറിച്ച ശേഷം നിരവധി രാജ്യങ്ങളിലേക്ക് മെഡിക്കൽ സഹായങ്ങളും മറ്റും യു.എ.ഇ എത്തിച്ചിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായ സൗഹൃദരാജ്യങ്ങളിൽ നിന്ന് ഗുരുതര രോഗം ബാധിച്ചവരെ രാജ്യത്ത് കൊണ്ടുവന്ന് ചികിൽസ നൽകുകയും തിരിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രസൻറിെൻറ പങ്കാളിത്തത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ സംരക്ഷിക്കുന്നതിനും സഹായം നൽകി.
അടിയന്തിര ആരോഗ്യ ഉപകരണങ്ങൾ ആവശ്യമായി ഇന്ത്യയടക്കുള്ള ലോകത്തെ 107 രാജ്യങ്ങളിലേക്ക് സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. നിലവിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിനും വിതരണം ചെയ്യുന്നു. ഇക്കഴിഞ്ഞ റമദാനിൽ 100മില്യൺ മീൽസ് പദ്ധതിയിൽ വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേർക്കാണ് സഹായം ലഭിച്ചത്. പുതിയ പ്രഖ്യാപനത്തിലൂടെ യു.എ.ഇയിലെ മലയാളികളടക്കമുള്ള ജീവകാരുണ്യ പ്രവർത്തകൾക്ക് ഗോൾഡൻ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ വലിയ ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ബിസിനസുകാരും ഡോക്ടർമാരും വിദ്യാർഥികളുമായ നിരവധി മലയാളികൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.