ഗാർഹിക തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം
text_fieldsദുബൈ: യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം അക്കൗണ്ട് വഴിയാക്കുന്നതിന്റെ ഭാഗമായി നിശ്ചിത തൊഴിലാളികൾ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ (ഡബ്ല്യു.പി.എസ്) രജിസ്റ്റർ ചെയ്യണമെന്ന നിയമം പ്രാബല്യത്തിലായി.
ഏപ്രിൽ ഒന്നു മുതലാണ് നിർദേശം പ്രാബല്യത്തിലായത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് നിർദേശം പുറത്തിറക്കിയത്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നടപടി. 19 വിഭാഗം തൊഴിലാളികളാണ് ഡബ്ല്യു.പി.എസിന്റെ പരിധിയിൽ വരുന്നത്. ബാങ്കുകൾ, മണി എക്സ്േചഞ്ച് ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും എമിറേറ്റ്സ് ഐ.ഡി നിർബന്ധം.
തൊഴിലാളിയുടെ അക്കൗണ്ടിൽ കൃത്യമായി ശമ്പളം എത്തിയില്ലെങ്കിൽ അധികൃതർക്ക് വിവരം ലഭിക്കും. നിർദേശങ്ങൾ പാലിക്കാത്ത തൊഴിലുടമക്ക് എത്ര തുകയാണ് പിഴയിടുക എന്നത് നിർണയിച്ചിട്ടില്ല. എന്നാൽ, ഒരുമാസം ശമ്പളം മുടങ്ങിയാൽ തൊഴിലുടമക്ക് മുന്നറിയിപ്പ് വരും. ഇതിനു ശേഷവും ശമ്പളം നൽകിയില്ലെങ്കിൽ ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ, കൂടുതൽ ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
അതേസമയം, ചില തൊഴിലാളികൾക്ക് അക്കൗണ്ട് വഴി ശമ്പളം ലഭിക്കണമെന്നില്ല. തൊഴിലാളിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ജോലിക്ക് ഹാജരായില്ലെങ്കിൽ, വിസ സ്പോൺസർ ചെയ്ത തൊഴിലുടമക്കായി ജോലി ചെയ്തില്ലെങ്കിൽ, കരാർ ഒപ്പുവെച്ചശേഷം 30 ദിവസം ജോലി ചെയ്തില്ലെങ്കിൽ ശമ്പളം അക്കൗണ്ട് വഴി ലഭിച്ചേക്കില്ല.
ആരെല്ലാം ഉൾപ്പെടും ?
• വ്യക്തികൾക്കും കുടുംബങ്ങൾക്കുമൊപ്പം ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ
• വ്യക്തികളുടെ ഉടമസ്ഥതയിലെ ഫാമുകളിൽ ജോലി ചെയ്യുന്നവരും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയവരുമായ തൊഴിലാളികൾ
• കുടുംബങ്ങൾക്കൊപ്പം ജോലി ചെയ്യുന്നവർ. തൊഴിലുടമയുടെ ഇ-മെയിൽ നിരീക്ഷിക്കാനും യോഗങ്ങൾ ആസൂത്രണം ചെയ്യാനും യാത്ര ഷെഡ്യൂളുകൾ തയാറാക്കാനും നിയോഗിക്കപ്പെട്ടവർ ഇതിൽ ഉൾപ്പെടുന്നു.
• വീട്ടുജോലിക്കാർ, വ്യക്തിഗത അധ്യാപകർ, പരിശീലകർ. കുടുംബത്തിലെ ജോലികൾക്ക് മാത്രമായി യു.എ.ഇയിലേക്ക് കൊണ്ടുവരുന്നവർ
• ആയമാർ, പാചകക്കാർ, വ്യക്തിഗത നഴ്സ്, കുതിര പരിപാലകർ, ഫാൽക്കൺ പരിശീലകൻ, കർഷകൻ, തോട്ടക്കാരൻ, സ്വകാര്യ ഡ്രൈവർ, പി.ആർ.ഒ, സ്വകാര്യ കാർഷിക എൻജിനീയർ, പേഴ്സനൽ ട്രെയിനർ, കുടുംബത്തിലെ ബോട്ട് ഓപറേറ്റർമാർ, സുരക്ഷ ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.