നീട്ടിവെക്കരുത്, ഇപ്പോൾത്തന്നെ
text_fieldsഒരു ടാസ്‌ക് ചെയ്യേണ്ട സമയത്ത് കൃത്യമായി ചെയ്യുന്നവരാണോ നിങ്ങൾ. അതോ നാളെ നാളെ എന്ന് മാറ്റിവെക്കുന്നവരാണോ. 20 ശതമാനത്തിൽ കൂടുതൽ ആളുകൾ മാറ്റിവെക്കൽ സ്വഭാവമുള്ളവരാണ് എന്നാണ് പഠനങ്ങൾ. അങ്ങനെയുള്ളവർക്ക് ജീവിതത്തിൽ നിരവധി നഷ്ടങ്ങളുണ്ടാകും. ചെയ്യേണ്ട സമയത്തു ചെയ്തില്ലെങ്കിൽ പിന്നെ അത് ചെയ്തിട്ടു കാര്യമില്ലല്ലോ. എന്തുകൊണ്ടാണ് പ്രോകാസ്റ്റിനേഷൻ ഉണ്ടാകുന്നത്. പ്രോകാസ്റ്റിനേഷൻ ബ്രെയിൻ പ്രവർത്തനത്തിലെ ഒരു പ്രതിരോധ രീതിയാണ്. മനുഷ്യൻ എപ്പോഴും ഒരു കംഫർട്ടബിൾ സാഹചര്യത്തിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ ബ്രെയിൻ അതിനെ പ്രതിരോധിക്കുന്ന രീതിയാണ് പിന്നീട് ചെയ്യാം എന്ന തരത്തിലുള്ള മാറ്റിവെക്കൽ.
നാളെ ചെയ്യാം നാളെ ചെയ്യാം എന്ന് മാറ്റിവെക്കുന്നത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. വിജയത്തിന്റെ ഏറ്റവും പ്രധാന ശത്രുവാണ് പ്രോകാസ്റ്റിനേഷൻ. മാറ്റിവെക്കുന്ന രീതി സ്ഥിരമായി സംഭവിക്കുമ്പോൾ അത് നമ്മുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കുകയും വിഷമവും കുറ്റബോധവും ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. കാര്യങ്ങൾ സമയത്ത് ചെയ്യാൻ കഴിയാതെ വരുക, പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കാതിരിക്കുക,ജോലി സ്ഥലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റാതെ വരിക തുടങ്ങിയവ ഇത്തരം വ്യക്തികളിൽ സ്ഥിരമായി സംഭവിക്കുന്നു. ചെറുതായി ശ്രമിച്ചാൽ തന്നെ കിട്ടാവുന്ന അഭിനന്ദനങ്ങളും അർഹിക്കുന്ന നേട്ടങ്ങളും ഇവർക്ക് നഷ്ടമാകുന്നു.
ഒരു ജോലി ചെയ്തിട്ട് നമ്മൾ വിശ്രമിക്കുന്നതും ആ ജോലി ചെയ്യാതെ വിശ്രമിക്കുന്നതും രണ്ടും വ്യത്യസ്തമാണ്. പിന്നെ ചെയ്യാം എന്നു ചിന്തിച്ചു ഇത്തരം വ്യക്തികളിൽ അങ്ങനെയൊരു മാനസികനില രൂപപ്പെടുന്നു. ചിന്തകളെ മാറ്റുക എന്നതാണ് പ്രോകാസ്റ്റിനേഷനിൽ നിന്ന് പുറത്തുകടക്കാനുള്ള പ്രധാന മാർഗം. ഒരു ടാസ്‌ക് ചെയ്തു തീർക്കാനുള്ളപ്പോൾ ശക്തമായ ഭാഷയിൽ ഇത് ഇപ്പോൾ തന്നെ ചെയ്യാൻ മനസ്സിനോടു പറയണം. ഇത് ചെയ്യാതെ ഇന്നത്തെ ദിവസം കടന്നുപോകില്ല എന്ന തീരുമാനം എടുക്കണം. വലിയ ജോലികളാണ് ചെയ്യാനുള്ളതെങ്കിൽ അതിനെ ചെറിയ ചെറിയ ജോലികളാക്കി മാറ്റി ഘട്ടം ഘട്ടമായി ചെയ്യുക. ചെയ്തു കഴിയുമ്പോൾ സ്വയം അഭിനന്ദിക്കുകയും സ്വയം റിവാർഡ് നൽകുകയും ചെയ്യുക. ജോലിക്കനുസൃതമായ വിശ്രമമോ, യാത്രകളോ അങ്ങനെ സ്വയം സന്തോഷിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക
ഇന്നത്തെക്കാലത്ത് പ്രത്യേകിച്ച് നമ്മളിൽ ഡിസ്ട്രാക്ഷൻ തോത് കൂടുതലാണ്. അത് പലപ്പോഴും മൊബൈൽ ഫോണോ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗമോ ആയിരിക്കും. കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള സമയങ്ങളിൽ ബോധപൂർവം അത്തരം കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയോ അതിനുള്ള സമയം പരിമിതപ്പെടുത്തുകയോ ചെയ്യുക. നിങ്ങളെ ഇത്തരം കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഒരു മെന്റർ ഉണ്ടാവുന്നതും നല്ലതാണ്. നിങ്ങളെ പ്രചോദിപ്പിക്കുകയും കാര്യങ്ങൾ ചെയ്യുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നവരുമായിരിക്കണം അവർ. പെർഫക്ഷനിസ്റ്റുകളിൽ പ്രോകാസ്റ്റിനേഷൻ സ്വഭാവം കൂടുതലായിരിക്കും. ഏറ്റവും നന്നായി ഒരു കാര്യം ചെയ്യാൻ ശ്രമിക്കുന്നത് നല്ലതു തന്നെയാണെങ്കിലും അതിനായി ജോലി മാറ്റിവെക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത് സുരക്ഷിതമല്ല. ഒരു കാര്യം 80 ശതമാനമെങ്കിലും നല്ലതായി ചെയ്യാൻ കഴിഞ്ഞാൽ മതിയാകും. കുറച്ചുനാളെങ്കിലും കാര്യങ്ങൾ മാറ്റിവെക്കാതെ ചെയ്യാൻ കഴിഞ്ഞാൽ അത് നമ്മുടെ ശീലമായി മാറിക്കോളും. പിന്നീട് ജീവിതത്തിൽ തിരിഞ്ഞുനോക്കേണ്ടി വരില്ല. ജീവിതത്തിൽ വിജയത്തിന്റെ വഴിത്താര തെളിക്കാൻ അത് നിങ്ങളെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.