‘ഡിവൈസ് സംഭാവന ചെയ്യൂ’ കാമ്പയിൻ: ശേഖരിച്ചത് 32,000 ഉപകരണങ്ങൾ
text_fieldsനവീകരിച്ച് നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്
ദുബൈ: ഉപേക്ഷിക്കുന്ന ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അടക്കമുള്ള ഉപകരണങ്ങൾ ശേഖരിച്ച് നിർധനരായ വിദ്യാർഥികൾക്ക് നവീകരിച്ച് ഉപയോഗിക്കാൻ ലഭ്യമാക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണം. ‘ഡിവൈസ് സംഭാവന ചെയ്യൂ’ കാമ്പയിൻ വഴി 32,000ത്തിലേറെ ഇലക്ട്രോണിക് ഉപകരണങ്ങൾ പദ്ധതിയിലേക്ക് ലഭിച്ചെന്ന് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റിവിന് കീഴിലെ ‘ദ ഡിജിറ്റൽ സ്കൂൾ’ സംരംഭം വെളിപ്പെടുത്തി.
ശേഖരിച്ച ഉപകരണങ്ങൾ നവീകരിച്ച് പുനരുപയോഗത്തിന് യോജിച്ച രീതിയിലേക്ക് മാറ്റും. പിന്നീട് ലോകത്തെ വിവിധ പ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് ഇവ വിതരണം ചെയ്യും. ഇതുവഴി ഡിജിറ്റൽ വിദ്യാഭ്യാസം അപ്രാപ്യമായ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ കാലത്തെ ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടാൻ അവസരമൊരുങ്ങും. എമിറേറ്റ്സ് റെഡ് ക്രസൻറിന്റെ സഹകരണത്തോടെയാണ് ഡിജിറ്റൽ സ്കൂൾ സംരംഭം നടപ്പാക്കുന്നത്.
ശേഖരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ 36 ശതമാനം കമ്പ്യൂട്ടറുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയാണ്. 30 ശതമാനം സ്ക്രീനുകൾ, പ്രിൻററുകൾ, പ്രൊജക്റ്ററുകൾ തുടങ്ങിയവയും ബാക്കി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ആക്സസറികളുമാണ്.
ലോക പുനരുപയോഗ ദിനമായ മാർച്ച് 18നാണ് പദ്ധതിയുടെ നേട്ടം അധികൃതർ പുറത്തുവിട്ടത്. ഒരേസമയം വിദ്യാഭ്യാസപരവും ജീവകാരുണ്യപരവും പരിസ്ഥിതി സൗഹൃദപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. ലോകത്താകമാനം വിദ്യാഭ്യാസ, പരിസ്ഥിതി സംരംഭങ്ങൾ നടപ്പാക്കുന്ന യു.എ.ഇയുടെ ലക്ഷ്യത്തിനനുസൃതമായ സംരംഭം കൂടിയാണിത്. ഗുരുതര മാലിന്യങ്ങളുടെ 70 ശതമാനം വരുന്ന ഇ-മാലിന്യങ്ങളെ വലിയതോതിൽ കുറക്കാൻ പദ്ധതി സഹായിക്കും.
കാമ്പയിനിന്റെ വിജയവും വലിയരീതിയിൽ ലഭിച്ച സംഭാവനകളും യു.എ.ഇ സമൂഹത്തിൽ അന്തർലീനമായ സഹായിക്കാനുള്ള താൽപര്യത്തെയും ജീവകാരുണ്യ സംരംഭങ്ങളുടെ പ്രാധാന്യത്തെ കുറിച്ച ധാരണയെയും അടയാളപ്പെടുത്തുന്നതാണെന്ന് യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. ഡിജിറ്റൽ സ്കൂൾ പദ്ധതിക്ക് ഇതിനകം 1.6 ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ടായി. ജോർഡൻ, ഈജിപ്ത്, ഇറാഖ്, മൗറിത്താനിയ, ലബനാൻ, കൊളംബിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, അംഗോള, നമീബിയ തുടങ്ങി 13 രാജ്യങ്ങളിലാണ് പദ്ധതിയുടെ ഗുണഫലമെത്തിയത്. കാമ്പയിൻ വെബ്സൈറ്റ് വഴിയും ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 2441 എന്ന നമ്പറിലേക്കും ‘ഡു’ ഉപയോക്താക്കൾക്ക് 3551 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചും സംഭാവനകൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.