തോന്നുംവിധം റോഡ് ക്രോസ് ചെയ്യരുത്; 400 ദിര്‍ഹം പിഴചുമത്തും
text_fieldsഅബൂദബി: റോഡ് മുറിച്ചുകടക്കാന്‍ അനുവദിച്ച ഇടങ്ങളിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്യുന്ന കാല്‍നടയാത്രികര്‍ക്ക് 400 ദിര്‍ഹം പിഴചുമത്തുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിഷ്കര്‍ഷിച്ച ഇടങ്ങളില്‍ ഇതിന് അവസരം നല്കുന്നതില് വീഴ്ചവരുത്തുന്ന ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
ഗള്‍ഫ് ഗതാഗത വാരത്തോടനുബന്ധിച്ച് അബൂദബി പൊലീസ് ആരംഭിച്ച സുരക്ഷിത റോഡ് ക്രോസിങ് മാര്‍ഗനിര്‍ദേശങ്ങളുടെ ബോധവത്കരണ ഭാഗമായാണ് മുന്നറിയിപ്പ്. ‘നിങ്ങളുടെ ജീവിതമൊരു ഉത്തരവാദിത്തമാകുന്നു’ എന്നാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണത്തിന് പേരിട്ടിരിക്കുന്നത്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സുരക്ഷിത ഗതാഗതസംസ്കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാല്‍നടയാത്രികര്‍ക്കായി തെളിക്കുന്ന ട്രാഫിക് സിഗ്നലുകൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുകയും സിഗ്നല്‍ തെളിയാത്തപക്ഷം ഭൂഗര്‍ഭ നടപ്പാതകളും മേല്പാലങ്ങളും ഉപയോഗിക്കുകയും ചെയ്യണമെന്നും അബൂദബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസുഫ് ആവശ്യപ്പെട്ടു.
അറബിക്, ഇംഗ്ലീഷ്, ഉർദു എന്നിവയടക്കമുള്ള ഭാഷകളില്‍ തയാറാക്കിയ ലഘുലേഖകള്‍ ബോധവത്കരണ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ വിതരണംചെയ്യുന്നുണ്ട്. നിശ്ചിത ഇടങ്ങളില്‍ കൂടിയല്ലാതെ കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കാന്‍ റോഡ് മീഡിയനുകള്ക്കിടയിലെ വിടവുകള്‍ അടയ്ക്കുന്നതടക്കം മുന്‍കരുതൽ സ്വീകരിച്ചിരുന്നു. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകൊടുക്കാന് അവസരം നല്‍കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ നിര്‍മിതബുദ്ധിയിലധിഷ്ഠിതമായ റഡാറുകളും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.