യാത്രവിലക്ക് മാറാതെ ടിക്കറ്റെടുത്ത് കുടുങ്ങരുത്
text_fieldsദുബൈ: ദുബൈയിലേക്കുള്ള യാത്രവിലക്ക് മാറാൻ കണ്ണുനട്ട് കാത്തിരിക്കുകയാണ് മലയാളികളടക്കം പ്രവാസികൾ. എന്തുവിലകൊടുത്തും യു.എ.ഇയിൽ മടങ്ങിയെത്തണമെന്ന് മാത്രമാണ് അവരുടെ ആഗ്രഹം. എന്നാൽ, ആവേശം കൂടി കുരുക്കിൽ ചാടി പണം നഷ്ടമാകാനും സാധ്യതയുണ്ട്. യാത്രവിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങുന്നവർ നിരവധിയാണ്. സമയത്തിന് യാത്ര ചെയ്യാൻ കഴിയാതെ വരുന്നതോടെ പണം നഷ്ടമാകും.യു.എ.ഇയിലേക്ക് ഇന്ത്യക്കാർക്ക് അനിശ്ചിതകാല യാത്രവിലക്കാണ്.
ജൂലൈ ആദ്യ വാരം വിമാന സർവിസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, എയർലൈനുകൾ ഉറപ്പുനൽകിയിട്ടില്ല. അതേസമയം, ജൂലൈ ഒന്ന് മുതൽ ടിക്കറ്റ് ലഭ്യമാണ്. എയർലൈനുകളുടെ വെബ്സൈറ്റിൽ കയറിയോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാം. എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സമയത്തിന് സർവിസ് തുടങ്ങിയില്ലെങ്കിൽ ഈ പണം നഷ്ടമാകും. ഭൂരിപക്ഷം എയർലൈനുകളും റീ ഫണ്ട് നൽകുന്നില്ല. ഇക്കാര്യം അവരുടെ വെബ്സൈറ്റുകളിൽ കൃത്യമായി പറയുന്നുണ്ട്.
എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെയാണ് ബുക്കിങ്. റീ ഫണ്ട് നൽകുന്നില്ലെങ്കിലും മറ്റൊരു ദിവസം യാത്ര ചെയ്യാൻ അനുമതി ലഭിക്കും. പലർക്കും സൗകര്യപ്രദമായിരിക്കില്ല ഈ ദിവസങ്ങൾ. കാരണം, വേഗം ദുബൈയിലെത്താൻ ശ്രമിക്കുന്നവർ ഈ ദിവസത്തിന് കാത്തുനിൽക്കാതെ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു.
വിലക്ക് നീങ്ങാതെയുള്ള ടിക്കറ്റ് ബുക്കിങ് ഭൂരിപക്ഷം ട്രാവൽ ഏജൻസികളും പ്രോത്സാഹിപ്പിക്കാറില്ല. ടിക്കറ്റ് ബുക്ക് ചെയ്താലുള്ള അപകടം പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. എന്നാൽ, നാട്ടിൽ നിന്നുള്ള ചില ഏജൻസികൾ ഉപഭോക്താക്കളിൽ നിന്ന് ഇക്കാര്യം മറച്ചുവെച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുന്നുണ്ട്. ഇതിന് പുറമെ സ്വന്തം നിലയിൽ എയർലൈനുകളുടെ വെബ്സൈറ്റ് വഴിയും മറ്റ് യാത്ര വെബ്സൈറ്റുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്ത് പണം കളയുന്നുണ്ട്.
ടിക്കറ്റ് ബുക്കിങ് തുടങ്ങി എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പറന്നുനടക്കുന്ന സ്ക്രീൻ ഷോട്ടുകളും ചിലരെ വലയിൽ വീഴ്ത്തും. നിലവിൽ കേരളത്തിൽനിന്ന് ദുബൈയിലെത്താൻ 1500 ദിർഹമിന് മുകളിലാണ് നിരക്ക് കാണിക്കുന്നത്. ശ്രദ്ധക്കുറവും അമിതാവേശവും മൂലം ഈ തുക വെറുതെ നഷ്ടമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.