കുടുങ്ങരുത്; തട്ടിപ്പുകാർ നിങ്ങളുടെ പിന്നാലെയുണ്ട്
text_fieldsദുബൈ: സൈബർ തട്ടിപ്പ് പുറംലോകത്തെ അറിയിക്കുന്നത് തെറ്റാണോ? അല്ല എന്നായിരിക്കും സാധാരണക്കാരുടെ ഉത്തരം. എന്നാൽ, തട്ടിപ്പുകാരുടെ മുന്നിൽ ഇത് വലിയൊരു തെറ്റാണ്. തട്ടിപ്പ് നടത്തുന്നു എന്ന് വിളിച്ചുപറഞ്ഞതിന് തൊട്ടുപിന്നാലെ തട്ടിപ്പുവീരന്മാർ തന്നെയും തേടിയെത്തിയ അനുഭവം വിവരിക്കുകയാണ് യു.എ.ഇയിലെ റേഡിയോ അവതാരകൻ ഫസ്ലു.
കഴിഞ്ഞ ദിവസം ചിക്കൻ ബർഗർ വാങ്ങി 8000 ദിർഹം നഷ്ടമായയാളെ കുറിച്ച് ഫസ്ലു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അൽബെയ്കിന്റെ വ്യാജ ഓഫറിൽ കുടുങ്ങിയാണ് പണം നഷ്ടമായത്. കെ.എഫ്.സി, മക്ഡൊണാൾഡ്സ്, അൽബെയ്ക് പോലുള്ളവയുടെ വ്യാജന്മാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന തട്ടിപ്പിനെ കുറിച്ചും വിഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിഡിയോ പോസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് യു.എ.ഇ സെൻട്രൽ ബാങ്കിന്റേത് എന്ന പേരിൽ വാട്സ്ആപ് മെസേജ് വരുന്നത്. സുരക്ഷ കാരണങ്ങളാൽ താങ്കളുടെ അക്കൗണ്ടും എ.ടി.എം കാർഡും 24 മണിക്കൂറിനുള്ളിൽ മരവിപ്പിക്കുമെന്നും വെരിഫിക്കേഷൻ പൂർത്തീകരിക്കാൻ ഉടൻ 0507057871 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നുമായിരുന്നു മെസേജ്. ശൈഖ് അബ്ദുൽ റഹ്മാൻ എന്ന ബാങ്ക് മാനേജറുടെ പേരും സെൻട്രൽ ബാങ്ക് ഗവർണറായി അബ്ദുൽ ഹാമിദ് സഈദിന്റെ പേരും ഈ കത്തിൽ കാണാം. ഒപ്പും സീലുമെല്ലാമുള്ള കത്ത് ഒറിജിനലാണെന്നേ തോന്നൂ. തട്ടിപ്പാണെന്ന് സംശയമുണ്ടായിരുന്നതിനാൽ മറുപടി നൽകിയില്ല. ഇതിന് പിന്നാലെയാണ് ദുബൈ പൊലീസിന്റെ നമ്പറിൽനിന്ന് ഒ.ടി.പി സന്ദേശം വരുന്നത്. മുമ്പ് ദുബൈ പൊലീസിൽനിന്ന് മെസേജ് വന്ന അതേ നമ്പറിൽ തന്നെയായിരുന്നു ഈ മെസേജും. ഈ ഒ.ടി.പി ആർക്കും ഷെയർ ചെയ്യരുതെന്നും മെസേജിലുണ്ടായിരുന്നു. അൽപം കഴിഞ്ഞപ്പോൾ പൊലീസ് എന്ന പേരിൽ ഒരാൾ വിളിച്ചു. ഒ.ടി.പി പറഞ്ഞുനൽകാനായിരുന്നു ആവശ്യം. എന്നാൽ, ഇത് വിസമ്മതിച്ചതോടെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
യു.എ.ഇയിൽ ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നുണ്ട്. പണം നഷ്ടമാകുന്നവരും കുറവല്ല. പ്രധാന സ്ഥാപനങ്ങളുടെ ഓഫർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്കാണ് കൂടുതലും പണം നഷ്ടമാകുന്നത്. ഇതിൽ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പിയും നൽകുന്നതോടെ അക്കൗണ്ടിലെ പണം പൂർണമായും നഷ്ടപ്പെടും. ക്രെഡിറ്റ് കാർഡിലെ തുകയും തട്ടിപ്പുകാർ പിൻവലിക്കും. പൊലീസിലും ബാങ്കിലും പരാതി നൽകാമെങ്കിലും തട്ടിപ്പുകാർ ഏതെങ്കിലും വിദേശരാജ്യത്തായതിനാൽ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറവാണ്.
കഴിഞ്ഞ ദിവസം യു.എ.ഇയിൽ സെയിൽസിൽ ജോലിചെയ്യുന്ന മലയാളിയായ ഷമീം ഇത്തരമൊരു അനുഭവം പങ്കുവെച്ചിരുന്നു. അബൂദബി പൊലീസിൽനിന്ന് എന്ന വ്യാജേനയാണ് ഷമീമിന് മെസേജ് വന്നത്. ‘നിങ്ങൾ ഈ രാജ്യത്തെ നിയമത്തിന് നിരക്കാത്ത വലിയ കുറ്റകൃത്യത്തിൽ അകപ്പെട്ടിട്ടുണ്ടെന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കൃത്യമായതിനാൽ പിഴയായി 16,500 ദിർഹം ഉടൻ അടക്കണമെന്നും’ അറിയിച്ചായിരുന്നു മെസേജ്. പ്രൊഫൈൽ പിക്ചറായി അബൂദബി പൊലീസിന്റെ യൂനിഫോം ധരിച്ച ഉദ്യോഗസ്ഥന്റെ ചിത്രവും.
സംഗതി തട്ടിപ്പാണെന്ന് ഉറപ്പുണ്ടായതുകൊണ്ട് ഷമീം മറുപടിയൊന്നും അയക്കാൻ മെനക്കെട്ടില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ഫോണിലേക്ക് പൊലീസ് ആണെന്നും പറഞ്ഞ് വിളി വന്നു. മെസേജിൽ പറഞ്ഞപോലെ 16,500 ദിർഹം ഉടൻ അടക്കണമെന്നും അല്ലെങ്കിൽ ലൊക്കേഷൻ നോക്കി ഉടൻ പിടികൂടി അകത്തിടുമെന്നുമായിരുന്നു ഭീഷണി. താൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയണമെന്നും നിങ്ങൾ പിടികൂടാതെ തന്നെ പറയുന്ന പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നും ഷമീം അറിയിച്ചു. താൻ ദുബൈയിലാണുള്ളത് എന്ന് പറഞ്ഞതുകൊണ്ടാവണം ദുബൈ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഉടൻ എത്തണം എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു. ഷമീം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നേരിട്ടുചെന്ന് ഒറിജിനൽ പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. മെസേജ് കണ്ട മാത്രയിൽ ഇത് തട്ടിപ്പാണെന്ന് ഉറപ്പിച്ചുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം മെസേജുകളോട് പൊതുജനങ്ങൾ പ്രതികരിക്കാതിരിക്കലാണ് ഏറ്റവും ഉചിതമെന്ന് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.