സാമ്പത്തിക പ്രതിസന്ധി ഇറ്റ്ഫോക്കിന് തടസ്സമാകരുത് -ഡോ. ശ്രീജിത്ത് രമണൻ
text_fieldsഅബൂദബി: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം നിർത്തിവെക്കേണ്ട ഒന്നല്ല ഇറ്റ്ഫോക്കെന്ന് പ്രമുഖ നാടക പ്രവർത്തകനും സംവിധായകനുമായ ഡോ. ശ്രീജിത്ത് രമണൻ.
കാരണം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പോലൊരു സ്ഥലത്ത് നമ്മൾ തല ഉയർത്തി നിൽക്കുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഇവിടത്തെ നാടക പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ചുവരുന്ന 13ാമത് ഭരത് മുരളി നാടകോത്സവത്തിൽ ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ‘അബദ്ധങ്ങളുടെ അയ്യരുകളി’ എന്ന നാടകം സംവിധാനം ചെയ്യാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് വരുന്ന ആളുകൾ ദീർഘവീക്ഷണത്തോടുകൂടി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ് ഇറ്റ്ഫോക്.
ഇതുവരെ നടത്തപ്പെട്ട മുൻ എഡിഷനുകളുടെ പ്രത്യേകതകൾ കൂടി വിശകലനം ചെയ്തിട്ടായിരിക്കണം അടുത്തതിലേക്ക് കടക്കേണ്ടത്. ഒരു വർഷത്തെ ഫെസ്റ്റിവൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ അടുത്ത വർഷത്തേക്കുള്ള ഇറ്റ്ഫോക്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കണം.
എങ്കിൽ മാത്രമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാടകോത്സവമായി നമുക്കിതിനെ മാറ്റാൻ കഴിയുകയുള്ളൂ. ഫിലിം ഫെസ്റ്റിവൽ പോലെയോ ബിനാലെ പോലെയോ കേരളത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞ ഒരു സംരംഭത്തെ നീട്ടിവെക്കുകയോ ഇല്ലാതാക്കുകയോ ചെയ്യരുത്.
അവ നിലനിർത്തുക എന്നത് നമ്മുടെ ധാർമികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.