സ്കൂള്‍ ബസിനെ മറികടക്കരുത്; മുന്നറിയിപ്പുമായി അധികൃതര്‍
text_fieldsഅബൂദബി: തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ ഡ്രൈവർമാര്‍ക്ക് സുരക്ഷ മുന്നറിയിപ്പ് നല്കി അധികൃതര്‍. റോഡ് നിയമം കര്‍ശനമായി പാലിക്കണമെന്നും സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ബസുകള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സ്കൂള്‍ ബസുകളിലെ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍, പിന്നാലെ വരുന്ന വാഹനങ്ങള്‍ മാത്രമല്ല, എതിരെ വരുന്ന വാഹനങ്ങളും നിര്‍ത്തണം. സ്റ്റോപ് ബോർഡ് അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
സ്കൂള്‍ ബസുകളിലെ സിഗ്നല്‍ ലംഘിക്കുന്നത് കാമറ വഴി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിര്‍ദിഷ്ട മേഖലകളിലല്ലാതെ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കരുതെന്നും വാഹനം നിര്‍ത്തി കുട്ടികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ് ഡ്രൈവര്‍മാര്‍ ഫല്ഷര് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും കേന്ദ്രം അറിയിച്ചു.
സ്കൂള്‍ ബസ് ദിവസവും പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ബസ് ഡ്രൈവര്‍മാര്‍ക്കാണ്. കുട്ടികളെ ഇറക്കാനും കയറ്റാനും വാഹനം നിര്‍ത്തുമ്പോള്‍ ബസില്‍ സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കണം.
ഇത് പ്രദര്‍ശിപ്പിച്ചാല്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസില്‍നിന്ന് അഞ്ചുമീറ്റര്‍ അകലെയായി നിര്‍ത്തിയിടണം. കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്വൈസറുടേത് കൂടിയാണ്.
കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തുന്ന സമയത്ത് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കാത്ത സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റുകളുമാണ് കുറ്റം ചുമത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.