വ്യക്തിവിവരങ്ങളില്‍ തലയിടരുത്, കമ്പനികളുടെ വിവരങ്ങള്‍ കൈമാറരുത്
text_fieldsഅബൂദബി: വ്യക്തികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയോ ജോലിചെയ്യുന്നതോ ചെയ്തിരുന്നതോ ആയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു കൈമാറുകയോ ചെയ്യുന്നത് ഗുരുതര കുറ്റമാണെന്ന് ഓര്‍മപ്പെടുത്തി കോടതി. ജോലിചെയ്തിരുന്ന കമ്പനിയുടെ രഹസ്യവിവരം ചോര്‍ത്തിയ മുന്‍ ജീവനക്കാരന് അബൂദബി അഡ്മിനിസ്ട്രേറ്റിവ് കോടതി ഒരുലക്ഷം ദിര്‍ഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തി. ടാക്സ് ഏജന്റായി ജോലിചെയ്തിരുന്ന ഇയാള്‍ സുപ്രധാനവും രഹസ്യസ്വഭാവവുമുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് ശിക്ഷ. 4.9 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി നല്കിയ കേസിലാണ് കോടതി പിഴയിട്ടത്. മുമ്പ് പ്രതിക്ക് ക്രിമിനല്‍ കോടതി 10,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫോട്ടോകളും വിഡിയോകളും എടുക്കുന്നത് സൈബര്‍ നിയമഭേദഗതി അനുസരിച്ച് അതിഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ബാങ്കുകള്‍, ആരോഗ്യശാസ്ത്ര മേഖലകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ ഡേറ്റ സംവിധാനത്തിന് കേടുപാട് വരുത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ ആറു മാസം തടവുശിക്ഷയോ 1.5 ലക്ഷം ദിര്‍ഹം (30 ലക്ഷം രൂപയിലേറെ) മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും.
അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ഫോട്ടോയെടുക്കരുതെന്നാണ് നിയമം. സര്‍ക്കാര്‍ വകുപ്പുകളുടെയോ പ്രധാന സ്ഥാപനങ്ങളുടെയോ വെബ്സൈറ്റുകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ചാല്‍ അഞ്ചുലക്ഷം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയാണ് ശിക്ഷ. അനുമതിയില്ലാതെ രണ്ടുപേരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി യുവാവിനോട് ഉത്തരവിട്ടിരുന്നു. വഴക്കിനെ തുടര്‍ന്ന് ബന്ധുവിന് സമൂഹമാധ്യമത്തിലൂടെ അസഭ്യ, അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിന് രണ്ടരലക്ഷം ദിര്‍ഹമാണ് പിഴയിട്ടത്.
അപവാദം, ഇലക്ട്രോണിക് കുറ്റകൃത്യം എന്നിവ തടയുന്നതിനുള്ള ഫെഡറല്‍ നിയമ പ്രകാരം 2.5 ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. മറ്റുള്ളവര്‍ക്കെതിരെ അപഖ്യാതി പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ശിക്ഷയുമാണ് ലഭിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയോ സര്‍ക്കാര്‍ ജോലിക്കെതിരെയോ ആണെങ്കില്‍ പിഴ കൂടുതല്‍ കടുത്തതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.