ഷാർജ ഇന്നൊവേഷൻ പാർക്കിൽ ഇരുനില വെയർ ഹൗസ്
text_fieldsഷാർജ: ഷാർജ ഇന്നൊവേഷൻ പാർക്കിൽ (എസ്.ആർ.ടി.ഐ) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില വെയർ ഹൗസ് നിർമാണം അടുത്ത വർഷം രണ്ടാം പാദത്തോടെ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷോറൂമുകൾ, ഗോഡൗണുകൾ, ചെറുകിട വ്യവസായങ്ങൾ, നിർമാണം, അസംബ്ലിങ് തുടങ്ങിയവക്ക് അനുയോജ്യമായ നൂതന സൗകര്യങ്ങളാണ് പുതിയ വെയർഹൗസ് വാഗ്ദാനം ചെയ്യുന്നത്. 144 ചതുരശ്ര മീറ്റർ മുതൽ 303 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള യൂനിറ്റുകൾ, താഴത്തെ നിലയിൽ സംഭരണം, നിർമാണം, അസംബ്ലിങ് സ്ഥലം എന്നിവക്കായി രൂപകൽപന ചെയ്തിരിക്കുന്നു. കൂടാതെ ഓഫിസ് സൗകര്യങ്ങൾക്കായി മെസനൈൻ ഫ്ലോറുകളും ഒരുക്കുന്നുണ്ട്.
ആകെ 19 യൂനിറ്റുകളിൽ എട്ട് എണ്ണവും ശീതീകരിച്ചതാണ്. ഒമ്പത് യൂനിറ്റുകൾ ഭാഗികമായും ശീതീകരിച്ചതായിരിക്കും. ഇവിടെ ഷോറൂമുകൾ, എക്സ്പീരിയൻസ് സെന്റർ എന്നിവക്കായി ഉപയോഗിക്കാം. ശീതീകരണ സംവിധാനങ്ങളില്ലാത്ത രണ്ട് യൂനിറ്റുകൾ പൂർണമായും സംഭരണത്തിനായി നീക്കിവെച്ചിരിക്കുകയാണ്. വലിയ സ്ഥലം ആവശ്യമുള്ളവർക്ക് ഒന്നിലധികം യൂനിറ്റുകൾ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്ന് ഷാർജ ഇന്നൊവേഷൻ പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മുഹ്മൂദി പറഞ്ഞു.
യൂറോപ്പിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഓവർഹെഡ് ഡോറുകൾ എല്ലാ വെയർഹൗസ് യൂനിറ്റുകൾക്കും പ്രവേശന നിയന്ത്രണം, സംയോജിത അഗ്നിശമന സംവിധാനം, ഹെവി വെഹിക്കിൾ/ട്രെയ് ലർ പ്രവേശനത്തിനുള്ള സൗകര്യങ്ങൾ, സുരക്ഷ സംവിധാനങ്ങൾ അടങ്ങിയ കവാടങ്ങൾ എന്നിവ യൂനിറ്റുകളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
എസ്.ആർ.ടി.ഐ പാർക്കിനെ ഒരു സംയോജിത ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റുക എന്ന കാഴ്ചപ്പാടുമായി പുതിയ പ്രോജക്ട് ചേർന്നുനിൽക്കുന്നു. അതിവേഗം വളർച്ച കൈവരിക്കുന്ന ഒരു ഗവേഷണ-വികസന കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം നവീകരണത്തിനും സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങൾക്കുമുള്ള ലക്ഷ്യസ്ഥാനമായി ഷാർജയെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.