വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും സുതാര്യം
text_fieldsഅന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപകനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ. മുഖ്യമന്ത്രിയായിരിക്കെ പിറവം മണ്ഡലത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഉപതെരഞ്ഞെടുപ്പ് നേരിടാനായി വാങ്ങിയ സംഭാവന ഉമ്മൻ ചാണ്ടി തിരിച്ചു നൽകിയ സംഭവം ഓർമിച്ചുകൊണ്ടാണ് മൂപ്പന്റെ കുറിപ്പ് ആരംഭിക്കുന്നത്. പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്കും ഇതിനു മുമ്പ് സംഭാവന നൽകിയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നുവെന്ന് ആസാദ് മൂപ്പൻ ഓർക്കുന്നു.
ബധിരരായ കുട്ടികൾക്ക് മിംസിൽ കോക്ലിയർ ഇംപ്ലാന്റ് ചികിത്സ ആരംഭിച്ച സമയം. ഏറെ പണച്ചെലവുള്ള ചികിത്സയായിരുന്നു അത്. പാവപ്പെട്ട രോഗികൾക്ക് താങ്ങാവുന്നതിനപ്പുറം. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ പാവപ്പെട്ട നിരവധി പേർക്ക് സൗജന്യ ചികിത്സ ലഭിച്ചു. സർക്കാർ സംവിധാനങ്ങൾക്കപ്പുറത്തുള്ള ഒരു മനുഷ്യൻ എന്ന നിലയിലുള്ള ഇടപെടലുകളായിരുന്നു അതെന്നും ആസാദ് മൂപ്പൻ പറഞ്ഞു.
‘2015ൽ മകൾ അച്ചു ഉമ്മനെ കാണാനായി ഉമ്മൻചാണ്ടിയും കുടുംബവും ദുബൈയിലെത്തിയ സമയം. മകളുടെ അടുത്ത സുഹൃത്ത് എന്ന നിലയിൽ അച്ചു ഉമ്മന്റെ മകളുടെ പിറന്നാൾ ആഘോഷത്തിൽ ഞാനും പങ്കെടുത്തിരുന്നു. പിറന്നാളുകാരിക്ക് ഒരു വിലയേറിയ സമ്മാനവും നൽകിയാണ് മടങ്ങിയത്. പക്ഷെ, പിറ്റേന്ന് രാവിലെ അച്ചു ഉമ്മന്റെ ഫോൺവിളി കേട്ടാണ് ഉണർന്നത്. കാര്യം അന്വേഷിച്ചപ്പോൾ വിതുമ്പലോടെ അച്ചു ഉമ്മന്റെ മറുപടി തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
പിറന്നാളിന് നൽകിയ സമ്മാനം ദയവ് ചെയ്ത് തിരികെ എടുക്കണമെന്നും ആരിൽ നിന്നും ഒരു സൗജന്യവും സ്വീകരിക്കരുതെന്നാണ് പിതാവ് പഠിപ്പിച്ചിട്ടുള്ളതെന്നുമായിരുന്നു അച്ചു ഉമ്മന്റെ മറുപടി. ഇങ്ങനെ ചിന്തിക്കുന്ന ഒരു മനുഷ്യനെതിരെ പിന്നീട് അഴിമതി ആരോപണം ഉയർന്നത് ഏറെ ഖേദകരമായിരുന്നു. തന്നെ പോലെ ഒരാൾക്ക് അത് വിശ്വസിക്കാനായിരുന്നില്ല. പിന്നീട് ഇക്കാര്യം കോടതിക്കും ജനസമൂഹത്തിനും ബോധ്യമായി’.- ആസാദ് മൂപ്പൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അപൂർവം ചില നേതാക്കളിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്ന് പറഞ്ഞാണ് മൂപ്പൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.