ഡോ. എഞ്ചി. സുആദ് അൽ ശംസി ഇമാറാത്തിന്റെ മിടുമിടുക്കി
text_fields'നിനക്ക് സ്വപ്നം കാണാമെങ്കിൽ, അത് എത്തിപ്പിടിക്കാനും കഴിയും. വലിയ കിനാവുകൾ കണ്ട് ആകാശത്തോളം വളരുക. നീയാരാണെന്ന് ലോകത്തെ കാണിക്കുക' ഉന്നത പഠനത്തിന് ബ്രിട്ടനിലേക്ക് പോകുേമ്പാൾ സുആദ് അൽ ശംസിക്ക് ഉമ്മ നൽകിയ ആശംസ ഇങ്ങനെയായിരുന്നു. കേവലമൊരു ആശംസമാത്രമായിരുന്നില്ല അത്, ഒന്നാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ട പുത്രിയുടെ വളർച്ചയെ അത്രമേൽ ആഗ്രഹിച്ച മാതാവിെൻറ ഹൃദയരക്തത്തിൽ ചാലിച്ച പ്രാർത്ഥനകൂടിയായിരുന്നു. മാതാവിെൻറ പിന്തുണ ഏറ്റവും വലിയ പ്രചോദന കേന്ദ്രമായി സ്വീകരിച്ചാണ് യു.എ.ഇയിലെ ആദ്യത്തെ എയർക്രാഫ്റ്റ് എഞ്ചിനീയറായി ഇമാറാത്തിെൻറ ഈ മിടുമിടുക്കി വളർന്നത്.
സ്വപ്നങ്ങൾ നെയ്ത കാലം
സമപ്രായക്കാർ ചുറ്റുവട്ടത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ച കാലത്തും, കുട്ടിയായ സുആദിെൻറ കണ്ണുകൾ ആകാശത്തായിരുന്നു. നീലാകാശവും മേഘഭംഗിയും കീറിമുറിച്ച് പറക്കുന്ന വിമാനങ്ങളെ നോക്കി അവർ സ്വപ്നങ്ങൾ നെയ്തു. വിമാനങ്ങളോട് അസൂയപ്പെട്ട, അഡിക്റ്റഡ് ആയ കുട്ടിക്കാലത്ത് മണിക്കൂറുകൾ 'യന്ത്രപ്പറവ'കൾ വരുന്നത് കാത്ത് മട്ടുപ്പാവിൽ ഇരിക്കാറുണ്ടായിരുന്നു. പിന്നീട് ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ അവൾക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല.
ആകാശവാഹനത്തിെൻറ ഓരോ ഭാഗങ്ങളും തൊട്ടുംതലോടിയും നോക്കി, ജനലിനപ്പുറത്തെ കാഴ്ചകൾ കൗതുകത്തോടെ കണ്ടിരുന്ന്, ആയിരം ചോദ്യങ്ങളുമായി കാബിൻ ക്രൂവിനെ ബുദ്ധിമുട്ടിച്ച്, അവസാനം പൈലറ്റിനെ കാണാനും തിക്കിക്കയറിയവൾ. കൂടെയുണ്ടായിരുന്ന ഉമ്മക്ക് അന്ന് പലതവണ കാബിൻ ക്രൂവിനോട് ക്ഷമ ചോദിക്കേണ്ടി വന്നു. ഒരുപക്ഷേ അന്നുതന്നെ മകളുടെ കിനാവിെൻറ ഗതി അവർ തിരിച്ചറിഞ്ഞിരിക്കണം.
പിന്നീട് ഏവിയേഷൻ എഞ്ചിനീയറിങ് പഠിക്കാൻ തീരുമാനിച്ചുറച്ചപ്പോൾ എല്ലാവരും പിന്തുണച്ചില്ലെന്ന് സുആദ് പറയുന്നു. പല കോളേജുകളും പെണ്ണായതിനാൽ അപേക്ഷ നിരസിച്ചു. ആണുങ്ങൾക്ക് പറ്റിയ പണിയാണിതെന്നതായിരുന്നു അവരുടെ ന്യായം. തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു. തീരുമാനത്തിലുറച്ച് പോരാടി അവർ സ്വപ്നങ്ങളെ തേടി. പെണ്ണിന് എന്തൊക്കെയാകാമെന്നും എന്തൊക്കെ ചെയ്യാമെന്നും കാണിച്ചുകൊടുക്കാൻ പ്രതിജ്ഞചെയ്ത കാലമായിരുന്നു അത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ അക്കാര്യത്തിൽ നന്ദിയോടെ അവർ സ്മരിക്കുന്നു.
ഏറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ പുരുഷൻമാർക്ക് യോജിച്ച മേഖലയാണെന്ന ന്യായത്തിൽ പിന്തുണ ലഭിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദിനെ അറിയിച്ചപ്പോൾ 'യു.എ.ഇയിൽ അസാധ്യമായതായി ഒന്നുമില്ല' എന്ന മറുപടിയാണ് കിട്ടിയത്. അതൊരു വലിയ ബലമായിരുന്നു. പിന്നീട് ഒരോ ചുവടുകളും ധൈര്യത്തോടെ നടന്നുകയറി. ആദ്യമായി ഏറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠിക്കാൻ ബ്രിട്ടനിലേക്ക് പറക്കുന്ന ഇമാറാത്തി സ്ത്രീയായി. എവിയേഷൻ മാനേജ്മെൻറും ഏറോനോട്ടിക്കൽ എഞ്ചിനീയറിങും പഠിച്ചെടുത്തു.
നേട്ടങ്ങളിലേക്ക് ഉറച്ച ചുവടുകൾ
പരിശീലനം കൂടി പൂർത്തീകരിച്ച് യു.എ.ഇയിൽ തിരിച്ചെത്തിയ സുആദ് എമിറേറ്റ്സ് എയർലൈനിെൻറ ആദ്യ വനിതാ ഇമാറാത്തി എയർക്രാഫ്റ്റ് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. പത്തു വർഷത്തെ ജോലിക്കിടയിൽ വിവിധ തസ്തികകളിൽ നേതൃപരമായ ചുമതലകൾ ഏൽപിക്കപ്പെട്ടു. എല്ലാം ഭംഗിയായി പൂർത്തീകരിച്ചു. കഴിഞ്ഞ ആറു വർഷമായി യു.എ.ഇയുടെ അതിസുപ്രധാന പദ്ധതികളിലൊന്നായ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഏവിയേഷൻ ഉപദേശക സ്ഥാനത്താണുള്ളത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ഒരുങ്ങുന്നത്. ഇതിെൻറ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തുടങ്ങി, ആവശ്യങ്ങൾ കണ്ടെത്തി എത്തിക്കുകയും വികസനം നിരീക്ഷിക്കുകയും എല്ലാം ചെയ്യുന്നത് സുആദ് ആണ്.
വുമൺ ഇൻ ഏവിയേഷൻ എന്ന കൂട്ടായ്മയുടെ പശ്ചിമേഷ്യൻ ചാപ്റ്റർ സ്ഥാപകയാണ് സുആദ്. നിരവധി പുസ്കാരങ്ങളും ആദരവുകളും നേടിയ ഇവർ നിരവധി ആഗോള വേദികളിൽ ഇമാറാത്തി സമൂഹത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ത്രീകളെ കരിയറിൽ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള എൽടുഎൽ എന്ന കൺസൾടേഷൻ കമ്പനിയും സ്വന്തമായുണ്ട്. കരിയറിനപ്പുറം എഴുത്തിലും വായനയിലും തൽപരയായ നിശ്ചയദാർഢ്യത്തിെൻറ ഈ ആൾരൂപം, അഞ്ച് നോവലുകൾ ഇതിനകം എഴുതിയിട്ടുണ്ട്. രണ്ടെണ്ണം ഇംഗ്ലിഷിലേക്കും ഫ്രഞ്ചിലേക്കും മൊഴിമാാറ്റപ്പെടുകയും ചെയ്തു.
പിന്തുണയായി എന്നും കുടുംബം
തെൻറ സ്വപ്നങ്ങൾക്ക് ഒരിക്കലും വിലങ്ങിടാത്ത സ്നേഹപൂർണമായ കുടുംബത്തെ ലഭിച്ചത് ഭാഗ്യമാണെന്ന് സുആദ് പറയുന്നു. ജീവിത പങ്കാളിയും മാതാവും സഹോദരിയും കുട്ടികളും എല്ലാവരും എന്നും പിന്തുണച്ചു. രണ്ട് മക്കളുടെ മാതാവായി തന്നെ കഴിഞ്ഞ 16വർഷക്കാലത്തെ തൊഴിൽ ജീവിതത്തിൽ തിളങ്ങാൻ സാധിച്ചതിൽ ഇവർ അഭിമാനിക്കുന്നു. സ്ത്രീകൾ തങ്ങളുടെ മുൻഗണനകൾ സ്വയം തീരുമാനിക്കണമെന്ന അഭിപ്രായമാണ് സുആദ് പങ്കുവെക്കുന്നത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വ്യോമയാന മേഖലയിലെ സ്ത്രീ ജീവിതത്തെ വരച്ചിടുന്ന പുസ്തകത്തിെൻറ പണിപ്പുരയിലാണ് ഇന്നിവർ. തെൻറ ജീവിതത്തിലൂടെ ആർക്കെങ്കിലും സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ പ്രചോദനമായെങ്കിൽ എന്ന ആശയിലാണ് ഇത്തരമൊരുദ്യമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.