ഡോ. ടി.എം. തോമസ് ഐസക്കിന് ബഹ്റൈൻ 'പ്രതിഭ' സ്വീകരണം നൽകി
text_fieldsമനാമ: മുൻ ധനമന്ത്രിലും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി.എം. തോമസ് ഐസക്കിന് ബഹ്റൈൻ 'പ്രതിഭ' സ്വീകരണം നൽകി. ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത് ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിലെ മതേതര മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനും കേരള വികസനത്തെ ത്വരിതപ്പെടുത്താനും പ്രവാസി മലയാളികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഡോ. ടി.എം. തോമസ് ഐസക് ആഹ്വാനം ചെയ്തു. അനാവശ്യമായ വിവാദങ്ങൾ അന്തരീക്ഷത്തിൽ പടർത്തി വികസന യാഥാർഥ്യങ്ങളെ ജനങ്ങളിൽനിന്നും ഒളിപ്പിച്ചുവെക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും അതിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങളും. 20 വർഷത്തിന് ശേഷമുള്ള ഒരു കേരളത്തെക്കുറിച്ച് ഇന്നുതന്നെ ചിന്തിച്ച് പ്രവർത്തിക്കേണ്ട എന്നാണ് കെ-റെയിൽ വിരോധം പറയുന്ന ആളുകളുടെ വാദം.
നാല് കുടുംബങ്ങൾക്ക് ഒരു കാറ് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. സമീപഭാവിയിൽ അത് രണ്ട് കുടുംബങ്ങൾക്ക് ഒന്ന് എന്ന സ്ഥിതിയിലേക്ക് മാറും. ഇത്രയധികം വാഹനങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ ആറുവരി ദേശീയപാത പോലും മതിയാകാതെ വരും. അപ്പോൾ അതിനുള്ള പോംവഴിയാണ് കെ-റെയിൽ. പദ്ധതിക്ക് ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ ലഭിക്കാതെ പോകും എന്നാണ് സമരക്കാരുടെ വാദം. എങ്കിൽ ടോൾ പിരിക്കാൻ അനുവാദമില്ലാത്ത ദേശീയപാതക്ക് വേണ്ടി ചെലവഴിക്കുന്ന 60,000 കോടി രൂപ എങ്ങനെ തിരികെ ലഭിക്കുമെന്ന് ഈ വാദക്കാർ ആലോചിച്ചിട്ടുണ്ടോ എന്നും തോമസ് ഐസക് ചോദിച്ചു. കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ജനതയായി നമുക്ക് മാറാൻ കഴിയണം. അത്തരം ബോധ്യത്തിലേക്ക് കേരളത്തെ എത്തിക്കാൻ എല്ലാ പരിഗണനകൾക്കുമപ്പുറം പ്രവാസികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്‍റ് സാനി പോൾ, രാമത്ത് ഹരിദാസ്, പ്രോഗ്രസിവ് പ്രഫഷനൽ ഫോറം പ്രസിഡന്‍റ് ഇ.എ. സലീം, സെക്രട്ടറി അഡ്വ. ശ്രീജിത് കൃഷ്ണൻ, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു. തോമസ് ഐസക്കിനുള്ള 'പ്രതിഭ'യുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈമാറി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന രക്ഷാധികാരി സമിതി അംഗം ജയരാജൻ, സോഷ്യൽ മീഡിയ കൺവീനർ അനിൽ കണ്ണപുരം എന്നിവർക്കുള്ള കേന്ദ്ര, മേഖലതല ഉപഹാരങ്ങൾ ഡോ. ടി.എം. തോമസ് ഐസക് കൈമാറി. പ്രതിഭ മനാമ യൂനിറ്റ് മെംബർ ഉണ്ണികൃഷ്ണന് ആദ്യമായി ലഭിച്ച പ്രവാസി പെൻഷൻ തുക പ്രതിഭ സാന്ത്വന ഫണ്ടിലേക്കായി ജനറൽ സെക്രട്ടറി പ്രദീപ് പതേരിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.