കോപ്-28 നേതൃത്വം; ഡോ. സുൽത്താൻ അൽ ജാബിറിന്
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്-28ന് നേതൃത്വം നൽകാൻ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാന പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ അൽ ജാബിറിനെ ചുമതലപ്പെടുത്തി. സമ്മേളനത്തിന്റെ നിയുക്ത പ്രസിഡൻറായാണ് മന്ത്രിയെ ചുമതലയേൽപിച്ചിരിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരം ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദാണ് വ്യാഴാഴ്ച നിയമനം പ്രഖ്യാപിച്ചത്. യുവജനകാര്യ സഹമന്ത്രി ശമ്മ അൽ മസ്റൂയിയെയും ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റും അബൂദബി പരിസ്ഥിതി ഏജൻസി മാനേജിങ് ഡയറക്ടറുമായ റസാൻ അൽ മുബാറകിനെയും അൽ ജാബിറിന്റെ ടീമിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ പ്രസിഡന്റ് പദവി വഹിക്കുന്നയാൾക്ക് അജണ്ട നിശ്ചയിക്കുന്നതിലും രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിലും നിർണായക പങ്കുണ്ട്. നവംബറിൽ ദുബൈയിൽ നടക്കുന്ന 13 ദിവസം നീണ്ടുനിൽക്കുന്ന ആഗോള സംഗമം അന്താരാഷ്ട്രതലത്തിൽതന്നെ സുപ്രധാനമായതാണ് വിലയിരുത്തപ്പെടുന്നത്. 2015ൽ പാരിസിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയോ എന്നതടക്കമുള്ള ചർച്ചകൾ ഉയർന്നുവരുമെന്നതാണ് ഇതിന് കാരണം.
കാലാവസ്ഥ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒരു നിർണായക വർഷമായിരിക്കുമിതെന്നും വ്യക്തമായ ഉത്തരവാദിത്തബോധത്തോടെയും സാധ്യമായ ഏറ്റവും ഉയർന്ന അഭിലാഷത്തോടെയുമാണ് യു.എ.ഇ കോപ്പ്-28നെ സമീപിക്കുന്നതെന്നും ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന അജണ്ടയാവും സമ്മേളനത്തിനുവേണ്ടി സജ്ജമാക്കുകയെന്നും കാലാവസ്ഥ ധനസഹായം ഏറ്റവും ദുർബലരായ ആളുകളിലേക്ക് എത്തുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.