ദുബൈയിൽ ‘ഡ്രൈവ്-ത്രൂ’ ലബോറട്ടറി സേവനത്തിന് തുടക്കം
text_fieldsദുബൈ സെൻട്രൽ ലബോറട്ടറിയിൽ ആരംഭിച്ച ഡ്രൈവ് ത്രൂ സേവനം
ദുബൈ: മേഖലയിലെ ആദ്യ ‘ഡ്രൈവ് ത്രൂ’ ലബോറട്ടറി സേവനങ്ങൾക്ക് തുടക്കമിട്ട് ദുബൈ സെൻട്രൽ ലബോറട്ടറി ഡിപ്പാർട്മെന്റ്. സാമ്പ്ൾ സമർപ്പണവും പരിശോധനയും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പരിശോധനക്കെത്തുന്നവർക്ക് വാഹനത്തിൽനിന്ന് ഇറങ്ങാതെ തന്നെ വേഗത്തിൽ സാമ്പ്ളുകൾ സമർപ്പിക്കാൻ കഴിയുമെന്നതാണ് ‘ഡ്രൈവ് ത്രൂ’ സൗകര്യത്തിന്റെ സവിശേഷത. ഇതുവഴി സേവനത്തിനായുള്ള കാത്തിരിപ്പ് സമയം10 മിനിറ്റിൽ ഒരു മിനിറ്റായി കുറയും. ലബോറട്ടറി സേവനങ്ങളിൽ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം. സാമ്പ്ളുകളുടെ സമർപ്പണ സമയം കുറച്ച് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല സംരംഭകർ, പ്രഫഷനലുകൾ, ആരോഗ്യം, സുരക്ഷ, വ്യോമഗതാഗതം, ബഹിരാകാശ വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽനിന്നുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശോധനകൾ പൂർത്തീകരിക്കാനും തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംരംഭത്തിലൂടെ സാധിക്കും.
മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവരെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് പുതിയ ആശയത്തിന്റെ രൂപകൽപന. സി.സി ടി.വി കാമറ ഉൾപ്പെടെ നൂതന നിരീക്ഷണ സംവിധാനങ്ങൾ സുരക്ഷിതവും കാര്യക്ഷമവുമായ നടപടികൾ പൂർത്തീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കും. തിരക്കേറിയ സമയങ്ങളിൽപോലും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനും ഒരു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാനും കഴിയുംവിധത്തിൽ വേഗത്തിലുള്ള സേവന മെക്കാനിസമാണ് നടപ്പാക്കുന്നതെന്ന് ദുബൈ സെൻട്രൽ ലബോറട്ടറി ഡയറക്ടർ എൻജീനിയർ ഹിന്ദ് മഹമൂദ് അഹ്മദ് പറഞ്ഞു. പുതിയ സംരംഭം അവതരിപ്പിക്കുന്നതിലൂടെ ഈ വർഷം ആദ്യ പാദത്തിൽ പരിശോധനകൾ 30 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യോൽപന്നങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ, പരിസ്ഥിതി സാമ്പ്ളുകൾ, ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അതിവിപുലമായ സാമ്പ്ളുകൾ കൈകാര്യം ചെയ്യാൻ കഴിയും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ വൈകീട്ട് 6.30 വരെയാണ് സാമ്പ്കളുകൾ നൽകാനുള്ള സമയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.