ഡ്രൈവറില്ലാ പറക്കും ടാക്സി; നിയമം രൂപപ്പെടുത്താൻ ചർച്ച തുടങ്ങി
text_fieldsദുബൈ: ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരത്തെ സ്വീകരിക്കുന്ന പതിവാണ് ദുബൈക്കുള്ളത്. ഡ്രൈവറില്ലാ ടാക്സികൾക്ക് പിന്നാലെ നഗരത്തിൽ സർവിസ് നടത്താൻ ആസൂത്രണംചെയ്തിരിക്കുന്ന പറക്കും ഡ്രോൺ ടാക്സികൾ സംബന്ധിച്ച ആലോചനകൾ സജീവമാക്കിയിരിക്കുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിനായി രൂപപ്പെടുത്തേണ്ട നിയമങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം അധികൃതർ പ്രത്യേക അവലോകനം യോഗം ചേർന്നു. സ്വയം സഞ്ചരിക്കുന്ന എയർക്രാഫ്റ്റാണ് പറക്കും ടാക്സികളായി മാറ്റാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഓപറേറ്റർ (പൈലറ്റ്), കൺട്രോളർ, ക്രൂ അംഗങ്ങൾ എന്നിവരുടെ പ്രവർത്തന ഉത്തരവാദിത്തങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ഈ ഗതാഗതരീതിക്ക് അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രാഥമികഘട്ട ചർച്ചകൾ നടന്നത്.
നിയമമില്ലാതിരുന്നാൽ പരമ്പരാഗത വിമാനങ്ങളുടെ എയർ ട്രാഫിക്കിന് ഡ്രോണുകൾ വളരെ വലിയ അപകടസാധ്യതയുണ്ടാക്കുന്ന ഘടകമായതിനാൽ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് വളരെ സുപ്രധാന ഘട്ടമാണെന്ന് ആർ.ടി.എ ലീഗൽ വിഭാഗം ഡയറക്ടർ ഷിഹാബ് ബൂ ഷിഹാബ് പറഞ്ഞു. നടപ്പിലാക്കേണ്ട സുരക്ഷാ നിയമങ്ങൾക്ക് പുറമെ ഡ്രോണുകൾക്കിടയിൽ പാലിക്കേണ്ട സുരക്ഷിതമായ ദൂരം, പൊതുസ്വത്തിന്റെ സംരക്ഷണം തുടങ്ങിയ മേഖലകളും യോഗം ചർച്ച ചെയ്തു. ഡ്രോണുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഫോറത്തിന്റെ ആലോചനയിൽ വന്നു. വിമാനത്താവളങ്ങൾ, സൈനിക മേഖലകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് നിരോധിക്കും. അനുവദനീയവും നിരോധിതവുമായ സ്ഥലങ്ങൾ വ്യക്തമാക്കുന്ന ഇലക്ട്രോണിക് മാപ്പ് ഡ്രോൺ പറത്തുന്നവർക്ക് നൽകണമെന്ന് നിയമം നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.