ഡ്രൈവറില്ലാ ടാക്സികൾ ഈവർഷം അവസാനം
text_fieldsദുബൈ: ഡ്രൈവറില്ലാ ടാക്സികൾ ഈവർഷം അവസാനത്തോടെ ജുമൈറ മേഖലയിൽ ഓടിത്തുടങ്ങും. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന് അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങിയതായി കഴിഞ്ഞദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈവർഷം തന്നെ ഓടിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ടാക്സി നിരക്ക് കൃത്യപ്പെടുത്തിയിട്ടില്ലെങ്കിലും ലിമോ ടാക്സികളിലേതിന് സമാനമാകാനാണ് സാധ്യതയെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ ടാക്സികളെക്കാൾ 30 ശതമാനം കൂടുതലാണ് ലിമോ ടാക്സികൾക്ക് നിരക്ക് ഈടാക്കാറുള്ളത്. മൂന്നു യാത്രക്കാർക്കാണ് ഡ്രൈവറില്ലാ ടാക്സികളിൽ സഞ്ചരിക്കാൻ കഴിയുക. മൂന്നുപേരും പിൻസീറ്റിലാണ് ഇരിക്കേണ്ടത്. മുൻ സീറ്റുകളിൽ യാത്രക്കാരെ അനുവദിക്കില്ല. പദ്ധതിയുടെ പ്രാരംഭഘട്ടം നടപ്പാക്കുന്നതിന് ജുമൈറ മേഖല തിരഞ്ഞെടുത്തത് നഗരത്തിലെ ശ്രദ്ധിക്കപ്പെടുന്ന പ്രദേശമെന്ന നിലയിലും വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമെന്നതിനാലുമാണെന്ന് അൽ അവാദി കൂട്ടിച്ചേർത്തു. ജുമൈറ മേഖലയിലെ ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടർ കനാലിനും ഇടയിലാണ് 10 ടാക്സികൾ ഓടിത്തുടങ്ങുക.
ജുമൈറ ആർക്കിയോളജിക്കൽ സൈറ്റ്, ഫോർ സീസൺ റിസോർട്ട് ഹോട്ടൽ, മന്ദാരിൻ ഓറിയന്റൽ, ദുബൈ ലേഡീസ് ക്ലബ്, അൽ വാസൽ പാർക്ക്, ഇറാനിയൻ ഹോസ്പിറ്റൽ, കനേഡിയൻ യൂനിവേഴ്സിറ്റി ദുബൈ എന്നിവിടങ്ങളിലേക്കും ജുമൈറയിലെ റെസിഡൻഷ്യൽ ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കും യാത്രക്ക് ഇത് ഉപകാരപ്പെടും. മണിക്കൂറിൽ 70കി. മീറ്റർ വേഗതയിലാണ് ടാക്സികൾ സഞ്ചരിക്കുക.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസുമായി സഹകരിച്ച് ജുമൈറ-1 ഏരിയയിലെ റോഡുകളിൽ മാപ്പിങ് തുടങ്ങിയിട്ടുണ്ട്. അഞ്ച് ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ച് ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച വിവരശേഖരണവും സാങ്കേതികവിദ്യയുടെ പരിശോധനയുമാണ് പ്രധാനമായും നടക്കുന്നത്. 2030ഓടെ 4,000 ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കാനാണ് ആർ.ടി.എ പദ്ധതിയിടുന്നത്. ഇതോടെ ക്രൂയിസ് സെൽഫ്-ഡ്രൈവിങ് കാറുകൾ വാണിജ്യവത്കരിക്കുന്ന ആദ്യത്തെ യു.എസ് ഇതര നഗരമായി ദുബൈ മാറും. ഓട്ടോണമസ് വാഹനങ്ങൾ പുറത്തിറക്കുന്നത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും വാഹനാപകടങ്ങളുടെ എണ്ണം കുറക്കലും ദോഷകരമായ മലിനീകരണം കുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.