ഡ്രൈവറില്ലാ ടാക്സികൾ അടുത്തമാസം നിരത്തിൽ
text_fieldsദുബൈ: പൂർണമായും സ്വയം നിയന്ത്രണത്തിൽ ഓടുന്ന ടാക്സി കാറുകൾ അടുത്ത മാസത്തോടെ ദുബൈയിലെ നിരത്തുകളിലെത്തുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ഡിജിറ്റൽ മാപ്പിങ് വിജയകരമായി പൂർത്തീകരിച്ചതിനു പിന്നാലെ ജുമൈറ 1 ഏരിയയിലാണ് ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുക. ജുമൈറ റോഡിനും ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടർ കനാലിനും ഇടയിലുള്ള എട്ടു കിലോമീറ്ററിൽ പ്രത്യേകം നിശ്ചയിച്ച ട്രാക്കിലൂടെയായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുകയെന്ന് ആർ.ടി.എയുടെ ട്രാൻസ്പോർട്ടേഷൻ, പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ഡ്രൈവറില്ലാ കാറുകളായിരിക്കും തുടക്കത്തിൽ സർവിസിനായി ഉപയോഗിക്കുക. ഒക്ടോബർ ആദ്യവാരത്തിൽ തന്നെ സർവിസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം നിയന്ത്രണ വാഹനങ്ങൾ നിർമിക്കുന്ന ജനറൽ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായ ക്രൂസ് കമ്പനിയാണ് വാഹനങ്ങൾ നിരത്തിലിറക്കുന്നതും പ്രവർത്തിപ്പിക്കുന്നതും.
അതേസമയം, പരീക്ഷണ ഓട്ടത്തിൽ യാത്രക്കാരെ കയറ്റില്ല. എന്നാൽ, തിരഞ്ഞെടുത്ത വ്യക്തികൾക്ക് ഈ വർഷം അവസാനത്തോടെ ക്രൂസ് ടാക്സികൾ സ്വന്തമാക്കാൻ കഴിയും. 2024 രണ്ടാം പകുതിയോടെ അതിന്റെ പൂർണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ യു.എസിനു പുറത്ത് സ്വയം നിയന്ത്രണ ടാക്സികളും ഇ-ഹെയ്ൽ സർവിസും വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ലോകത്തെ ആദ്യ നഗരമായി ദുബൈ മാറും. ദുബൈ റോഡ് ഗതാഗത രംഗത്ത് പുതിയ ഒരു നാഴികക്കല്ലായിരിക്കും ഡ്രൈവറില്ലാ വാഹനങ്ങൾ. റോഡ് അപകടങ്ങൾ കുറക്കാനും അന്തരീക്ഷത്തിൽ കാർബൺ വ്യാപനം ഇല്ലാതാക്കാനും കഴിയും.
ജുമൈറ ഏരിയയിൽ ക്രൂസ് നേരത്തേ ഡിജിറ്റൽ മാപ്പിങ് പൂർത്തീകരിച്ചിരുന്നു. ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ റോഡ് നിയമങ്ങൾക്കും കഴിഞ്ഞ വർഷം ദുബൈ സർക്കാർ അംഗീകാരം നൽകിയിരുന്നു. പരീക്ഷണ ഘട്ടത്തിൽ മനുഷ്യ ഇടപെടൽ ആവശ്യമെങ്കിൽ, അതിന് ഔദ്യോഗിക രൂപം നൽകാൻ ദുബൈ പൊലീസുമായി ചർച്ചകൾ നടന്നുവരുകയാണ്.
മൂന്നു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ടാക്സികളാണ് സർവിസ് നടത്തുക. എന്നാൽ, എത്ര തുക ഈടാക്കണം എന്നത് നിശ്ചയിച്ചിട്ടില്ല. ലിമോ ടാക്സി ചാർജിനെക്കാൾ 30 ശതമാനം അധികമായിരിക്കുമെന്ന് ഡയറക്ടർ സൂചിപ്പിച്ചു.
അടുത്ത വർഷം കൂടുതൽ ഡ്രൈവറില്ല ടാക്സികൾ നിരത്തിലിറക്കാനാണ് പദ്ധതി. 2030ഓടെ ടാക്സികളുടെ എണ്ണം 4000 ആയി ഉയർത്തി ദുബൈയുടെ സ്മാർട്ട് സെൽഫ് ഡ്രൈവിങ് രംഗത്ത് 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുമെന്നും ഖാലിദ് അൽ അവാദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.