ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കാൻ ചൈനീസ് കമ്പനി
text_fieldsദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിക്കുന്നതിന് യു.എ.ഇയിൽ പ്രാഥമിക ലൈസൻസ് നേടിയ ചൈനീസ് കമ്പനി 2025ഓടെ നൂറുക്കണക്കിന് വാഹനങ്ങൾ നിരത്തിലിറക്കും. ഈ മാസമാണ് ‘വീ റൈഡ്’ എന്ന കമ്പനിക്ക് പരീക്ഷണ ഓട്ടത്തിന് അനുമതി ലഭിച്ചത്. ഇതനുസരിച്ച് റോബോ ടാക്സി, റോബോ ബസുകൾ, റോബോ വാനുകൾ, റോബോ സ്വീപറുകൾ എന്നിവ ഓടിക്കാം. നിലവിൽ എട്ട് റോബോ ടാക്സികളും രണ്ട് റോബോ ബസുകളും അടക്കം 10 വാഹനങ്ങൾ യു.എ.ഇയിൽ ഓടിക്കുന്നുണ്ട്. ഇത് അടുത്ത വർഷങ്ങളിൽ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജെന്നിഫർ ലീയാണ് വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി ഗതാഗത നയത്തിന്റെ ചുവടുപിടിച്ചാണ് നവീന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ആരംഭിച്ചത്.
അബൂദബിയിലെ യാസ് ഐലൻഡിലും സാദിയാത്ത് ഐലൻഡിലുമാണ് യു.എ.ഇ ആസ്ഥാനമായ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്ന ബയാനാത് കമ്പനിയുമായി സഹകരിച്ച് റോബോ ടാക്സികകൾ പരീക്ഷണയോട്ടം നടത്തുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പതിനായിരത്തിലേറെ യാത്രക്കാർ അബൂദബിയിൽ റോബോ ടാക്സികൾ പരീക്ഷിച്ചിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ ലൈസൻസിന് കമ്പനി അപേക്ഷിച്ചത്. ഇതുപ്രകാരമാണ് പ്രാഥമിക ലൈസൻസ് അനുവദിച്ചത്.
നേരത്തെ ചൈനയിലും യു.എസിലും കമ്പനിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഭാവി ഗതാഗത മാർഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി യു.എ.ഇയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 2030ഓടെ 25ശതമാനം ഗതാഗത മാർഗങ്ങളും ഈ രീതിയിലാക്കാനാണ് ദുബൈ എമിറേറ്റ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.