ഡ്രോണ്‍ പറത്തല്‍ നിരോധനം ഭാഗികമായി നീക്കി
text_fieldsഅബൂദബി: ഡ്രോണ്‍ പറത്തുന്നതിനുള്ള നിരോധനം ഭാഗികമായി നീക്കിയതായി ആഭ്യന്തരമന്ത്രാലയം. നിരോധനം നീക്കുന്നതിനുള്ള ഘട്ടങ്ങളായുള്ള പദ്ധതിക്ക് നവംബര്‍ 25ന് തുടക്കമാവും. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) എന്നിവയുമായി സഹകരിച്ച് അബൂദബി പൊലീസ് കോളജില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള രജിസ്ട്രേഷനും പ്രവര്‍ത്തന നിയമ നടപടികളും ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലളിതമാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ രജിസ്ട്രേഷനും കൈകാര്യ നടപടികള്‍ക്കുമായി ഏകീകൃത പ്ലാറ്റ്ഫോം തുടങ്ങുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് പ്ലാറ്റ്ഫോം സേവനം ലഭിക്കുക.
വരുംഘട്ടങ്ങളില്‍ വ്യക്തികള്‍ക്കായും പ്ലോറ്റ്ഫോം സേവനം ലഭ്യമാക്കും. 2022ലായിരുന്നു വ്യാപകമായ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം ഡ്രോണുകള്‍ക്കും ചെറു വിനോദ വിമാനങ്ങള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ജി.സി.എ.എയുടെ അനുമതിയോടുകൂടി ഡ്രോണുകളും ചെറു വിനോദ വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് നിരോധനത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. നിയമലംഘകര്‍ക്ക് ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവോ ഒരുലക്ഷം ദിര്‍ഹമില്‍ കുറയാത്ത പിഴയോ ഇവ രണ്ടുമോ ശിക്ഷ നിഷ്കര്‍ഷിച്ചിരുന്നു.
അതേസമയം, പൊതുജനങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അബൂദബി നഗര, ഗതാഗത വകുപ്പ് 2024 ഏപ്രിലിൽ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. എമിറേറ്റിനെ ഡ്രോണ്‍ വ്യവസായ ഹബായി മാറ്റുക, സ്മാര്‍ട്ട് ഗതാഗതം മെച്ചപ്പെടുത്തുക, വ്യോമമേഖലയില്‍ നവീകരണം നടത്തുക, ഡ്രോണ്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഡ്രോണുകളുമായി ബന്ധപ്പെട്ട നടപടികള്‍ക്കും സംവിധാനങ്ങള്‍ക്കും അധികൃതര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. എല്ലാത്തരം ഡ്രോണുകള്‍ക്കും അവയുടെ എമിറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡം ബാധകമാണ്.ഡ്രോണുകളുടെ രൂപകല്പന, നിര്‍മാണം, കൂട്ടിച്ചേര്‍ക്കല്‍, നവീകരിക്കല്‍, പരിശോധന, അറ്റകുറ്റപ്പണി, പരിശീലനം, യോഗ്യത, ക്ലബുകള്‍, അടിസ്ഥാന വികസനം, വിമാനത്താവളങ്ങള്‍, ഇന്ധന സ്റ്റേഷനുകള്‍, ഊര്‍ജ മേഖല തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാനദണ്ഡം ബാധകമാണ്. സിവില്‍ ഉപയോഗങ്ങളെ ഈ മാനദണ്ഡത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ ആദ്യ യാത്ര ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ ഇക്കഴിഞ്ഞ മേയ് മാസം അബൂദബിയിലാണ് നടത്തിയത്. അബൂദബി മൊബിലിറ്റി വാരത്തോടനുബന്ധിച്ചായിരുന്നു ഡ്രോണിന്റെ പരീക്ഷണ പറക്കല്‍. രണ്ടു യാത്രികരെ വഹിച്ച് 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരം ചെറു ഡ്രോണായിരുന്നു പരീക്ഷണപ്പറക്കല്‍ നടത്തിയത്.
20 മിനിറ്റ് സമയമാണ് പരീക്ഷണപ്പറക്കല്‍ നീണ്ടുനിന്നത്. അഞ്ചു സീറ്റുകളുള്ള 250 കിലോമീറ്ററിലേറെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഡ്രോണിന്റെ പരീക്ഷണപ്പറക്കലും നടക്കുകയുണ്ടായി. 350 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള ഈ ഡ്രോണ്‍ 40 മിനിറ്റ് കൊണ്ട് 123 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മള്‍ട്ടി ലെവല്‍ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു അബൂദബി മൊബിലിറ്റി ഡ്രോണ്‍ പരീക്ഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.