ഡ്രോണുകൾ ഭക്ഷണമെത്തിക്കുന്ന പദ്ധതി അടുത്തവർഷം ആദ്യം
text_fieldsദുബൈ: ദുബൈയിൽ ഡ്രോണുകളിൽ ഭക്ഷണമെത്തിക്കുന്ന പദ്ധതി അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി ഡ്രോണുകൾക്ക് സഞ്ചരിക്കാനുള്ള വ്യോമ റൂട്ടുകളും ലാൻഡിങ് കേന്ദ്രങ്ങളും ആസൂത്രണം ചെയ്തുവരുകയാണ്. വ്യോമഗതാഗത വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കോർപറേറ്റ് സപ്പോർട്ട് സർവിസസ് സെക്ടർ സി.ഇ.ഒ വിസാം ലൂത്ത് പറഞ്ഞു. ഇതിനായി ദുബൈയിൽ എയർസ്പേസ് 3 ഡി സോണിങ് നടത്തുകയും വ്യോമപാതകൾ നിർണയിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളുടെ പലകോണുകളിൽനിന്നുള്ള ഉപയോഗം ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും. ദുബൈ ഹൊറിസോൺ സിസ്റ്റം എന്ന പേരിലുള്ള പദ്ധതി ദുബൈ ഡിജിറ്റൽ ട്വിൻ സംരംഭത്തിന്റെ രണ്ടാം ഘട്ടമാണ്. ഈ സംരംഭം ദുബൈയുടെ കൃത്യമായ ഡിജിറ്റൽ പകർപ്പ് സൃഷ്ടിക്കും. ദുബൈയിലെ കെട്ടിടങ്ങൾ, ഭൂപ്രകൃതി, വിനോദകേന്ദ്രങ്ങൾ എന്നിവയുടെ 2 ഡി, ത്രിഡി മാപ്പുകളായിരിക്കും ഇവ നിർമിക്കുക. ഡ്രോണുകളുടെ സുരക്ഷ വർധിപ്പിക്കാനും തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്താൻ ഇത് സഹായകമാവും. ഡ്രോൺ പറത്താൻ കഴിയുന്ന ഇടങ്ങളും കഴിയാത്ത ഇടങ്ങളും നിർണയിക്കാൻ ത്രീഡി മാപ്പിങ് സഹായകമാവുമെന്ന് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ മെയ്ത അൽ നുഐമി പറഞ്ഞു. മാപ്പിങ് പൂർത്തിയാവുന്നതോടെ മറ്റ് സർക്കാർ ഏജൻസികൾക്കും ഡ്രോൺ സേവനം ഉപയോഗപ്പെടുത്താനാവും.
അതേസമയം, കെട്ടിടനിർമാണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താനും ഡ്രോണുകളും നിർമിതബുദ്ധിയും ഉപയോഗപ്പെടുത്തുമെന്ന് മെയ്ത അൽ നുഐമി പറഞ്ഞു. എസിയുടെ തകരാർ, ബിൽഡിങ് കോഡുകൾക്ക് വിരുദ്ധമായി കെട്ടിടങ്ങൾക്ക് നിറം നൽകുക എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഡ്രോണുകൾക്ക് കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിലാണ് പദ്ധതി ആരംഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.