മരുന്നെത്തിക്കാൻ ഡ്രോൺ
text_fieldsദുബൈ: സാങ്കേതിക മേഖലയിൽ അതിവേഗം കുതിക്കുന്ന ദുബൈയിൽ മരുന്നെത്തിക്കാനും ഡ്രോൺ തയാർ. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. ഇടുങ്ങിയ മേഖലകളിലേക്ക് മരുന്നെത്തിക്കാൻ ഇവ ഉപകരിക്കും. ഓൺലൈൻ ഉൽപന്നങ്ങൾ എത്തിക്കുന്ന ഡ്രോണുകൾ നേരത്തെ തയാറായിരുന്നെങ്കിലും മെഡിക്കൽ മേഖലയിൽ അപൂർവമാണ്.
മരുന്ന് കേടാവാതിരിക്കാൻ ശീതീകരണ സംവിധാനം ഡ്രോണിനുള്ളിലുണ്ട്. കസ്റ്റമൈസ്ഡ് ഡ്രോൺസ് (സി -ഡ്രോൺസ്) എന്ന കമ്പനിയാണ് ഇതിനുപിന്നിൽ. സർക്കാറിന്റെ ഡ്രോൺ പ്രോത്സാഹന പദ്ധതിയുടെ ഭാഗമാണ് ഈ സ്ഥാപനവും. 45 മിനിറ്റുവരെ പറക്കാൻ കഴിയും. 20 കിലോമീറ്റർ ദൂരം വരെ പറക്കുന്ന ഡ്രോണിന് 10 കിലോ വരെ ഭാരം വഹിക്കാൻ കഴിവുണ്ട്. എന്നാൽ, വിവിധ ഡ്രോണുകളിൽ ഇത് വ്യത്യാസപ്പെടും. വാഹനങ്ങൾ എത്തിപ്പെടാത്ത മലനിരകൾ പോലുള്ള മേഖലകളിൽ ഏറെ ഉപകാരപ്രദമാണ് ഇത്തരം ഡ്രോണുകൾ.
മോശം റോഡുകൾ, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മേഖലകൾ എന്നിവിടങ്ങളിലും ഡ്രോണുകൾ എത്തും. ഹൃദയം പോലുള്ള അവയവങ്ങൾ അടിയന്തരമായി എത്തിക്കാനും ഡ്രോൺ ഉപകരിക്കും. പുറത്തെ കാലാവസ്ഥ തണുപ്പാണെങ്കിലും ചൂടാണെങ്കിലും ഡ്രോണിനുള്ളിലെ മരുന്നിനെ ബാധിക്കില്ല. ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനം ഡ്രോണിനുള്ളിലുണ്ട്. യു.എ.ഇയിൽ നിർമിച്ച ഡ്രോൺ മൊബൈൽ ആപ് വഴിയാണ് നിയന്ത്രിക്കുന്നത്. സൗദി, ഒമാൻ എന്നീ രാജ്യങ്ങൾ ഈ സാങ്കേതിക വിദ്യയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.
ഡ്രോൺ വഴി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നത് വിവിധ രാജ്യങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. സ്കോട്ട്ലൻഡ്, കാനഡ, കോംഗോ, മലാവി തുടങ്ങിയ രാജ്യങ്ങളിൽ ഈ സർവിസ് നിലവിലുണ്ട്. മലാവിയിൽ മലേറിയക്കെതിരായ പ്രതിരോധ വാക്സിൻ വിതരണം ചെയ്യാൻ ഡ്രോൺ ഇടനാഴി തന്നെ ഒരുക്കിയിരുന്നു. സ്കോട്ട്ലൻഡിലെ അർജീൽ, ബ്യൂട്ട് എന്നിവിടങ്ങളിലേക്ക് കോവിഡ് പരിശോധന, മരുന്ന്, പി.പി.ഇ കിറ്റ് എന്നിവ എത്തിച്ചിരുന്നതും ഡ്രോണുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.