ദുബൈയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ
text_fieldsദുബൈ: മരുന്ന് മാത്രമല്ല, ഉപഭോഗ വസ്തുക്കളും ഇനി ഡ്രോണുകൾ വീട്ടുമുറ്റത്ത് ഡെലിവറി ചെയ്യും. അതിനായുള്ള പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ദുബൈ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് സേവന ദാതാക്കളായ ജീബ്ലി എൽ.എൽ.സിയും ഇന്ത്യയിലെ ഹരിയാനയിൽ നിന്നുള്ള ഡ്രോൺ നിർമാതാക്കളായ സ്കൈ എയർ മൊബിലിറ്റി ലിമിറ്റഡും ചേർന്നാണ് മൂന്നാഴ്ച നീളുന്ന പരീക്ഷണത്തിന് ദുബൈ സിലിക്കൺ ഒയാസിസിൽ തുടക്കമിട്ടത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് അധികൃതർ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു.
സ്കൈ എയറിന്റെ സ്കൈഷിപ് എന്ന ഡ്രോൺ ആണ് പരീക്ഷണ പറക്കലിനായി ഉപയോഗിച്ചത്. സ്കൈ കണക്ട്, സ്കൈ ടണൽ, പാരച്യൂട്ട് എന്നിവ ഉൾപ്പെടെ ഒന്നിലധികം സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ് സ്കെഷിപ്. വിവിധ തരത്തിലുള്ള ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണമാണ് പരീക്ഷണത്തിലൂടെ കമ്പനി കാണിച്ചുതന്നത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡ്രോൺ ആണ് സ്കൈഷിപ് എന്നും 17,00 ലധികം പറക്കലുകളിലൂടെ ചരക്കുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്ക് അത് നയിക്കുമെന്നും സ്കൈ എയർ സ്ഥാപകനും സി.ഇ.ഒയുമായ അങ്കിത് കുമാർ പറഞ്ഞു.
ഡ്രോൺ ഉപയോഗിച്ച് ചരക്കുഗതാഗതം സാധ്യമാക്കാനായി 2021ൽ യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ തുടക്കമിട്ട ദുബൈ പ്രോഗ്രാമിന്റെ ഭാഗമാണ് പരീക്ഷണമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് സിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സംരംഭകരെ പിന്തുണക്കുന്നതിന് ഡി.എസ്.ഒ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ഡി.ഐ.ഇ.ഇസഡിലെ (ദുബൈ സംയോജിത സാമ്പത്തിക മേഖല അതോറിറ്റി) എൻജിനീയറിങ് ആൻഡ് സസ്റ്റൈനബിലിറ്റി ചീഫ് ഓഫിസർ മുഅമ്മർ അൽ കത്തീരി പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചുള്ള വാണിജ്യ ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ശക്തമായ അടിത്തറ സൃഷ്ടിക്കേണ്ടതിന്റെയും നിയന്ത്രണങ്ങളുടെയും ആവശ്യകത തിരിച്ചറിയാൻ പരീക്ഷണ വിജയം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.