മയക്കുമരുന്ന് വിപണനവും വ്യാപനവും; 22 വെബ്സൈറ്റുകള്‍ നിരോധിച്ചു
text_fieldsറാസല്‍ഖൈമ: മയക്കുമരുന്നുകളുടെ വിപണനത്തിലും വ്യാപന പ്രവൃത്തികളിലും ഏര്‍പ്പെട്ടുവന്ന 22 വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം. സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയതിനത്തെുടര്‍ന്ന് ഇലക്ട്രോണിക് പട്രോള്‍ വിഭാഗത്തിന്‍െറ നിരീക്ഷണ പരിശോധനകള്‍ക്കൊടുവിലാണ് റാക് പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് സൈറ്റുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയതെന്ന് മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ കേണല്‍ അദ്നാന്‍ അലി അല്‍ സാബി പറഞ്ഞു. വിവര സാങ്കേതിക വിദ്യ ദുരുപയോഗപ്പെടുത്തി മയക്കുമരുന്ന് വിപണനം നടത്തുന്നവര്‍ നിശബ്ദ പ്രവര്‍ത്തനത്തിലൂടെ വന്‍ കൊള്ളയാണ് നടത്തുന്നത്. സമൂഹത്തെയും വരും തലമുറയെയും നാശത്തിലേക്ക് തള്ളിവിടുന്നവരുടെ പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷാദ്യ പകുതിയില്‍ വിവിധ ഘട്ടങ്ങളിലായാണ് നാശം വിതക്കുന്ന സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതെന്ന് ഇലക്ട്രോണിക് പട്രോള്‍ മേധാവി ലെഫ്റ്റനൻറ് ഹസ്സ അല്‍ ശംസി പറഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന ചില സോഷ്യല്‍ നെറ്റ്്വര്‍ക്കുകളും നിരോധിച്ചിട്ടുണ്ട്. ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില സോഷ്യല്‍ നെറ്റ്്വര്‍ക്കുകള്‍ നിരീക്ഷണത്തിലുമാണ്. യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു നിരോധിക്കപ്പെട്ട വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം.
ഒരിക്കല്‍ ലഹരി വസ്തുക്കള്‍ക്കടിപ്പെടുന്നവര്‍ക്ക് ഇതില്‍ നിന്ന് മോചനം സാധ്യമാകാതെ വരുന്നതാണ് മയക്കുമരുന്ന് മാഫിയയുടെ വിജയം. രക്ഷിതാക്കളും സമൂഹവും കുട്ടികളുടെയും യുവതി-യുവാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും ഹസ്സ അല്‍ ശംസി നിര്‍ദേശിച്ചു. മയക്കുമരുന്നുകള്‍ക്കടിപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കേണ്ടത് സമൂഹത്തിന്‍െറ ബാധ്യതയാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരം ഹതഭാഗ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് സമൂഹത്തിന്‍െറ ഒപ്പം നിര്‍ത്തേണ്ടതുണ്ട്. ഇതിനുള്ള സര്‍വപിന്തുണയും റാക് പൊലീസ് ജനറല്‍ ഡയറക്ടറേറ്റിന് കീഴിലെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.