മയക്കുമരുന്ന് കേസ്: ഇന്ത്യൻ നടി നാട്ടിലെത്തി
text_fieldsഷാർജ: മയക്കുമരുന്ന് കൈവശംവെച്ചെന്ന കേസിൽ ഷാർജ കോടതി കുറ്റമുക്തയാക്കിയ മുംബൈയിലെ നടി ക്രിസൻ പെരേര നാട്ടിലെത്തി. ക്രിസനെതിരായ എല്ലാ കേസുകളിലും നിരപരാധിയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ അധികൃതർ യാത്രാവിലക്ക് നീക്കിയതോടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ ക്രിസനെ ബന്ധുക്കൾ ചേർന്ന് സ്വീകരിച്ചു. മുംബൈയിലുള്ള രണ്ടു പേർ ചേർന്ന് ചതിയിലൂടെ ക്രിസനെ കേസിൽ കുടുക്കുകയായിരുന്നു.
26കാരിയായ ക്രിസൻ പെരേര ഏപ്രിൽ ഒന്നിനാണ് ഷാർജയിൽ അറസ്റ്റിലായത്. മുംബൈയിൽനിന്ന് ഷാർജ വിമാനത്താവളത്തിൽ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാഴ്ചയിലധികം ജയിലിൽ കഴിഞ്ഞശേഷം ഏപ്രിൽ 28ന് ജാമ്യം ലഭിച്ചെങ്കിലും യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചത്.
ഒരു ഹോളിവുഡ് വെബ്സീരീസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘം ക്രിസനോട് യു.എ.ഇയിലേക്കു പോകാന്‍ ആവശ്യപ്പെട്ടത്. യാത്ര പുറപ്പെടുംമുമ്പ് ക്രിസന് ഇവര്‍ നല്കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യു.എ.ഇയില്‍ എത്തിയശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്നായിരുന്നു നിർദേശം. എന്നാല്‍, ഇതില്‍ മയക്കുമരുന്ന് ഉണ്ടെന്ന വിവരം മറച്ചുവെച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരിപദാർഥം കണ്ടെത്തുകയും അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു കേസിൽ രണ്ടു പ്രതികളെ മുംബൈയിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.