ഷാർജയിൽ വൻ ലഹരിമരുന്ന് വേട്ട; 1.4 കോടി ദിർഹമിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsഷാർജ: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള രാജ്യാന്തര ക്രിമിനൽ സംഘത്തിന്റെ ശ്രമം തകർത്ത് ഷാർജ പൊലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ. സംഭവത്തിൽ 32 പേർ അറസ്റ്റിലായി. ഏഷ്യൻ, അറബ് വംശജരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.4 കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി.
അയൽ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് ഷാർജ ആന്റി നാർക്കോട്ടിക് സെൽ ‘മറനീക്കുന്നു’ എന്ന് പേരിട്ട് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് രാജ്യാന്തര തലത്തിൽ ബന്ധമുള്ള ക്രിമിനൽ സംഘത്തെ വലയിലാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാർജ ആന്റി നാർക്കോട്ടിക് വിഭാഗം എമിറേറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നതായി ഡയറക്ടർ കേണൽ മാജിദ് അൽ അസ്സാം പറഞ്ഞു.
രണ്ട് സംഘങ്ങളായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ആദ്യം അറസ്റ്റിലായ സംഘത്തിൽ നിന്ന് 50 കിലോ ഹഷീഷ് ഓയിൽ, 49 ലിറ്റർ ദ്രാവകരൂപത്തിലുള്ള ക്രിസ്റ്റൽ മെത് എന്നിവ പിടികൂടി. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റൊരു സംഘം മറ്റൊരു എമിറേറ്റിലെ ഗോഡൗണിൽ വൻ മയക്കുമരുന്ന് ശേഖരിച്ചുവരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഈ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 11,70,000 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു. മാനസികരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികകളാണ് ഇവിടെ നിന്ന് പിടികൂടിയത്. രാജ്യത്തിന് പുറത്തുള്ളവരാണ് മയക്കുമരുന്ന് കടത്തുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മയക്കുമരുന്ന് കടത്താനായി ഇവർ സ്വീകരിച്ചിരുന്ന രീതികളിൽ ആദ്യത്തേത് രാജ്യത്തെ കസ്റ്റംസ് ക്ലിയറൻസ് സേവന ദാതാക്കളെ ചൂഷണം ചെയ്യുകയായിരുന്നു.
രാജ്യത്തേക്ക് പ്രവേശിക്കുന്ന കാറുകളുടെ ബോഡിയിൽ ദ്രാവക രൂപത്തിലാക്കി ക്രിസ്റ്റർ മെത്ത് കടത്തുകയാണ് രണ്ടാമത്തെ രീതി. ഇങ്ങനെ ശേഖരിക്കുന്ന മയക്കുമരുന്നുകൾ മറ്റ് എമിറേറ്റുകളിലേക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇതിനായി രഹസ്യ ഗോഡൗണുകളും സംഘം നിർമിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് ശ്രദ്ധയിൽപ്പെട്ടാൽ 8004654 എന്ന നമ്പറിലോ dea@shjpolice.gov ae എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും ഷാർജ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.