മയക്കുമരുന്ന് പ്രോത്സാഹനം; 2800 സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു
text_fieldsദുബൈ: മയക്കുമരുന്ന് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നൽകിയ 2800 സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൊതുസുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രമാണ് 2800 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. വിവിധ നിയമനിർമാണ സംവിധാനങ്ങളുമായും സമൂഹമാധ്യമ കമ്പനികളുമായും സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
മയക്കുമരുന്ന് മാഫിയ കള്ളക്കടത്ത്, വിൽപന രീതികൾ ഓരോ അവസരത്തിലും മാറ്റംവരുത്തുകയാണെന്നും ഓൺലൈൻ വഴിയുള്ള ഇടപാടുകൾ കണ്ടെത്തുന്നതും നടപടി സ്വീകരിക്കുന്നതും വെല്ലുവിളി നിറഞ്ഞതാണെങ്കിലും ശക്തമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ജനറൽ ബ്രി. സഈദ് അൽ സുവൈദി പറഞ്ഞു. രാജ്യത്തിന് പുറത്ത് കേന്ദ്രീകരിച്ച് സമൂഹമാധ്യമങ്ങൾവഴി കച്ചവടം ചെയ്യുന്ന 36 വമ്പൻ മയക്കുമരുന്ന് മാഫിയ അംഗങ്ങളെ പിടികൂടാനും സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഏറ്റവും നവീനമായ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും നിപുണരായ വ്യക്തികളെയുമാണ് ഓൺലൈൻ നിരീക്ഷണത്തിന് മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്. നിർമിതബുദ്ധിവഴി കണ്ടെത്തുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്ന രീതിയാണ് നിലവിൽ സ്വീകരിക്കുന്നത്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ നിയമസംവിധാനങ്ങൾ കഴിഞ്ഞ വർഷം 11,884 കി. ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഓപറേഷനുകളിൽ ആകെ 10,315 പേർ പിടിയിലാവുകയും ചെയ്തു. മയക്കുമരുന്ന് ‘തടയാനായി ഞങ്ങൾക്കൊപ്പം ചേരുക’ എന്ന തലക്കെട്ടിൽ മന്ത്രാലയം ആരംഭിച്ച കാമ്പയിനിനും മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു. പൊതുസമൂഹത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സഹായിക്കാനായാണ് കാമ്പയിൻ ആരംഭിച്ചത്. യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് കാമ്പയിൻ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.