സമൂഹ മാധ്യമങ്ങൾ വഴി മയക്കുമരുന്ന്; മുന്നറിയിപ്പുമായി അധികൃതർ
text_fieldsഅബൂദബി: യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്നതില്‍ സമൂഹ മാധ്യമം അപകടകരമായ വിധത്തില്‍ പങ്കുവഹിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിൽപനക്കാരാണ് നവമാധ്യമങ്ങളെ ചൂഷണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലെ ഫോൺ നമ്പറുകളിലേക്ക് വിഡിയോ ക്ലിപ്പോ ശബ്ദസന്ദേശമോ ലിഖിത സന്ദേശമോ അയച്ച് ബന്ധപ്പെടുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനുശേഷം നിയമവിരുദ്ധമായി മയക്കുമരുന്ന് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയും ഇതിന് പാരിതോഷികമായി പണം വാഗ്ദാനം ചെയ്യുകയും ചെയ്യും. സാമ്പത്തിക വാഗ്ദാനത്തില്‍ വീണാല്‍ പിന്നെ മയക്കുമരുന്ന് കടത്തിന്റെ ഭാഗമായി മാറ്റുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവർ ഇതിന് അടിപ്പെടുകയും ചെയ്യും.
മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി അബൂദബി അടുത്തിടെ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. സംശയകരമായ ഇടപാടുകള്‍ കണ്ടാല്‍ 8002626 എന്ന നമ്പറിലോ 2828 നമ്പറില്‍ എസ്.എം.എസ് അയച്ചോ ഇ-മെയില്‍, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ അമന് സര്‍വിസിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് മുഖേനയോ മെഡിക്കല്‍ ഉൽപന്നങ്ങള് വാങ്ങരുതെന്ന് അധികൃതര്‍ നിർദേശിക്കുന്നു.
മയക്കുമരുന്ന് കൈവശം വെക്കുകയോ വില്ക്കുകയോ ചെയ്താല്‍ ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും തടവുമാണ് യു.എ.ഇ നിയമം വ്യവസ്ഥ ചെയ്യുന്നത്. മയക്കുമരുന്ന് കടത്തുന്നതോ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാല്‍ തടവും അഞ്ചുലക്ഷം ദിര്‍ഹത്തില്‍ കുറയാത്തതും 10 ലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ ഈ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.