മയക്കുമരുന്ന് ഉപയോഗം;ചികിത്സ തേടിയത് 331 പേർ
text_fieldsഅബൂദബി: മയക്കുമരുന്നിന് അടിപ്പെട്ട 331 പേര് 2022ല്‍ ചികിത്സ തേടിയതായി അബൂദബി പൊലീസ്. സ്മാര്‍ട്ട് സര്‍വിസായ ഓപര്‍ച്യൂണിറ്റി ഓഫ് ഹോപ് ഉപയോഗപ്പെടുത്തിയാണ് ഇവര്‍ ചികിത്സയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ഉപേക്ഷിക്കാമെന്ന മാര്‍ഗനിര്‍ദേശവും തേടിയത്. ദേശീയ പുനരധിവാസ കേന്ദ്രവും അബൂദബി പൊലീസും ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്പെഷല്‍ നീഡ്സ് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് 2021ല്‍ ഈ സേവനത്തിന് തുടക്കംകുറിച്ചത്. 65374 പേരാണ് 2022ല്‍ ഓപര്‍ച്യൂണിറ്റി ഓഫ് ഹോപ് സന്ദര്‍ശിച്ചത്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിനല്കുക, എങ്ങനെ ഉപേക്ഷിക്കാം എന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ചികിത്സ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സേവനം ആരംഭിച്ചതെന്ന് അബൂദബി പൊലീസിന്റെ ആന്റി നാർകോട്ടിക്സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീഹ് അല്‍ ധാഹിരി പറഞ്ഞു. കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയാതിരിക്കാനും അവരെ സംരക്ഷിക്കാനും മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കുകയും അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യവും സ്ഥിരതയും ശിഥിലമാക്കാന്‍ പലവിധ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിലൊന്ന് മയക്കുമരുന്ന് ഉപയോഗമാണ്. കുടുംബത്തെ മാത്രമല്ല, സമൂഹത്തെയും രാജ്യത്തെയും ബാധിക്കും. കുട്ടികളില്‍ സംശയകരമായ പെരുമാറ്റം തോന്നിയാല്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. വീട്ടുകാരുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്നത്. കൂടാതെ ചീത്ത കൂട്ടുകാരുമായുള്ള സമ്പര്‍ക്കവും ഇതിനു കാരണമാകുന്നുവെന്നും അധികൃതർ നിർദേശം നൽകി.
സേവനം ഇങ്ങനെ
മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് വിടുതൽ തേടാൻ ആഗ്രഹിക്കുന്നവരെ ഇവരുടെ വിവരങ്ങൾ പുറത്തുവിടാതെ സഹായിക്കുന്നതിനുള്ള സേവനവും അബൂദബിയിൽ നൽകുന്നുണ്ട്.
ദേശീയ പുനരധിവാസ കേന്ദ്രവുമായി സഹകരിച്ചാണ് ഈ സേവനം. ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഫോർസത് അമൽ എന്നാണ് ഈ പദ്ധതിയുടെ പേര്. https://forsa.adpolice.gov.ae/ar, www.adpolice.gov.ae എന്നീ വെബ് സൈറ്റുകൾ മുഖേനയോ അബൂദബി പൊലീസിന്റെ സ്മാർട്ട് ആപ് മുഖേനയോ അപേക്ഷ സമർപ്പിക്കാം.
സ്വദേശികൾക്കും മറ്റു രാജ്യക്കാർക്കും സേവനം ലഭ്യമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷിക്കപ്പെട്ട പ്രവാസികൾക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ അവസ്ഥ പരിശോധിച്ച് ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിന് ജഡ്ജിക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.