മയക്കുമരുന്ന് ഉപയോഗം; വിദ്യാര്‍ഥികളെ ബോധവത്കരിച്ച് അധികൃതര്‍
text_fieldsഅബൂദബി: മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടാവസ്ഥയും അത് സമൂഹത്തില്‍ ഏൽപിക്കുന്ന ആഘാതങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളെ ബോധവത്കരിച്ച് അധികൃതര്‍. അബൂദബി ജുഡീഷ്യല്‍ വകുപ്പിനു കീഴിലുള്ള 'മസൂലയ' ആണ് കുട്ടികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. സുരക്ഷയും സ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും മാസം മുമ്പാണ് മയക്കുമരുന്നുവിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചത്. അബൂദബി അജ്യാല്‍ ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നിയമവകുപ്പിനുകീഴിലുള്ള കേന്ദ്രത്തിലെ കൗണ്‍സലര്‍ ഡോ. മുഹമ്മദ് റാഷിദ് അല്‍ ദൻഹാനി രണ്ടു ക്ലാസുകളാണ് നയിച്ചത്. മയക്കുമരുന്നിന് അടിപ്പെടുന്നതിലൂടെ ശാരീരികവും മാനസികവുമായി വരുന്ന പ്രതികൂല മാറ്റങ്ങളെക്കുറിച്ചും ഭാവിതലമുറക്ക് അത് എത്രമാത്രം വെല്ലുവിളി ഉയര്ത്തുമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മോശം കൂട്ടുകാരില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ശ്രദ്ധയോടെ വേണം സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
മയക്കുമരുന്ന് വിപത്ത് തടയുന്നതിനായി മയക്കുമരുന്നിന് അടിമകളാവുന്നവരെ ചികിത്സിക്കുന്നതിനും കുടുംബാംഗങ്ങളെ ബോധവത്കരിക്കുന്നതിനും മുന്‍ഗണന നല്കുന്ന നയം അബൂദബി രൂപവത്കരിച്ചിരുന്നു. മയക്കുമരുന്നുകള്‍ ലഭ്യമാവുന്നത് ഇല്ലാതാക്കുന്നതിനും മയക്കുമരുന്ന് അടിമകളെ ശിക്ഷിക്കുന്നതിനും പകരം, ചികിത്സിക്കുന്നതിനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവരുടെയും കുടുംബങ്ങളുടെയും വിവരം രഹസ്യമായി സൂക്ഷിക്കും. നിരവധി ഏജന്‍സികളുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഇത്തരം കേസുകള്‍ ആരംഭത്തിലേ അറിയാന്‍ കഴിയും. ഇതിലൂടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ കെടുതികളില്‍നിന്ന് ഇവരെ മുക്തരാക്കാനുമാവും. മയക്കുമരുന്നിന് അടിമകളാവുന്നവരുടെ എണ്ണം കുറക്കുകയും കുട്ടികളെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
രാജ്യത്തേക്ക് നിരവധി മാര്‍ഗങ്ങളിലൂടെ കടത്താന്‍ ശ്രമിക്കുന്ന കാപ്തഗണ്‍ ഗുളികകള്‍ അധികൃതര്‍ നിരന്തരം പിടികൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ കെടുതികള്‍ ബോധവത്കരിക്കുകയും അടിപ്പെട്ടവരെ ചികിത്സിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
മയക്കുമരുന്നിന് അടിമകളായവര്‍ക്ക് ചികിത്സ നല്‍കിയും ബോധവത്കരണങ്ങള്‍ നടത്തിയും മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തില്‍ അബൂദബി പൊലീസും നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. മയക്കുമരുന്നിന് അടിമകളായവര്‍ക്ക് ചികിത്സ നല്‍കുന്നതിന് വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുയാണെന്ന് അബൂദബി റേഡിയോ എഫ്.എമ്മില്‍ ആഴ്ചതോറും നടത്തിവരാറുള്ള പരിപാടിയില്‍ ക്രിമിനല്‍ സുരക്ഷ മേഖലയിലെ ആന്റി നര്‍കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരീബ് അല്‍ ദഹരി നേരത്തേ അറിയിച്ചിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് വിടുതല്‍ തേടാന്‍ ആഗ്രഹിക്കുന്നവരെ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാതെ സഹായിക്കാനുള്ള സേവനവും നല്‍കുന്നുണ്ട്. ദേശീയ പുനരധിവാസ കേന്ദ്രവുമായി സഹകരിച്ചാണ് ഈ സേവനം നല്‍കുന്നത്. സേവനം ആവശ്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോര്സത് അമല്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. സ്വദേശികള്‍ക്കും മറ്റു രാജ്യക്കാര്‍ക്കും സേവനം ലഭ്യമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷിക്കപ്പെട്ട പ്രവാസികള്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ അവസ്ഥ പരിശോധിച്ച് ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിനു ജഡ്ജിക്കാണ് അധികാരം.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 2021ല്‍ മാത്രം യു.എ.ഇയില്‍ അറസ്റ്റ് ചെയ്തത് 8428 പേരെയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനവാണ് അറസ്റ്റില്‍ ഉണ്ടായത്. 2020ല്‍ 6973 പേരെയാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്തത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5677 റിപ്പോര്‍ട്ടുകള്‍ ഡ്രഗ് കണ്ട്രോള് അതോറിറ്റികള്‍ കൈകാര്യം ചെയ്തതായും 2020ല്‍ ഇത് 4810 ആയിരുന്നുവെന്നും അധികൃതര്‍ പറയുന്നു. 2020ല്‍ 4840 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.