മയക്കുമരുന്ന്: 500ലേറെ പേര്‍ക്ക് ചികിത്സ നല്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: മയക്കുമരുന്നിന് അടിമകളായ 500ലേറെ പേര്‍ക്ക് ചികിത്സ നല്കി അബൂദബി പൊലീസ്. 'പ്രതീക്ഷയുടെ സാധ്യത'എന്ന ബോധവത്കരണ കാമ്പയിനിലൂടെയാണ് ചികിത്സ നല്‍കിയത്. മയക്കുമരുന്നിന് അടിപ്പെടുന്നവരെ മോചിതരാക്കാന്‍ കഴിഞ്ഞവര്‍ഷമാണ് അബൂദബി പൊലീസ് ഇത്തരമൊരു കാമ്പയിനു തുടക്കംകുറിച്ചത്. മയക്കുമരുന്നിന്റെ അപകടത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ദുരുപയോഗത്തിന്റെ പ്രശ്നങ്ങളും അതു തടയാനുള്ള മാര്‍ഗങ്ങളും ജനങ്ങളെ ബോധവത്കരിക്കാനും കാമ്പയിന് കഴിഞ്ഞതായി അബൂദബി പൊലീസിലെ നാര്‍കോട്ടിക്സ് കണ്ട്രോള് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരിബ് അല്‍ ധാഹരി പറഞ്ഞു.
മക്കള്‍ മയക്കുമരുന്നിന് അടിപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ ഉടനെ പൊലീസിനെയോ ദേശീയ പുനരധിവാസകേന്ദ്രത്തെയോ ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നാണക്കേടോര്‍ത്ത് പല കുടുംബങ്ങളും ഇത്തരം സംഭവങ്ങള്‍ ഒളിച്ചുവെക്കുകയാണ്. മക്കളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വിവരം നല്കിയാല് അവര്‍ക്ക് തടവുശിക്ഷ കിട്ടുമെന്ന പ്രചാരണമുണ്ടെന്നും ഇത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിന് അടിപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. ദേശീയ പുനരധിവാസ കേന്ദ്രത്തിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ അവര്‍ക്കു നല്‍കുമെന്നും അബൂദബി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.