മരുഭൂമിയിൽ കുഴിച്ചിട്ട മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsഉമ്മുൽഖുവൈൻ: മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ 10 കിലോ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തിൽ ഉമ്മുൽ ഖുവൈൻ പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബൈ പൊലീസിന്റെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഉമ്മുൽഖുവൈൻ പൊലീസ് പരിശോധന നടത്തിയത്. രണ്ടുപേർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് മരുഭൂമിയിൽ ഒളിപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്.
തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കൺട്രോളിന്റെ സഹകരണത്തോടെ പരിശോധനക്കായി സംയുക്ത സംഘത്തെ രൂപവത്കരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന്, പ്രതികളെ കണ്ടെത്തുകയും മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.അറസ്റ്റിലായ പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മേഖലയിലെ മയക്കുമരുന്ന് വ്യാപാരികളെ നേരിടാൻ സേന പ്രാപ്തമാണെന്നും അതി ജാഗ്രതയിലാണെന്നും ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് വിഭാഗം മേധാവി ജമാൽ സഈദ് അൽ കത്ബി പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാനും സമൂഹത്തിലെ അംഗങ്ങളോട് ജാഗ്രത പാലിക്കാനും അധികാരികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തലിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും നിയമപാലകരെ സഹായിക്കാൻ കഴിയുന്ന വിലപ്പെട്ട വിവരങ്ങൾ നൽകാൻ കഴിയുന്നവർ ‘മുഖദ്ദിദ്’ സേവന നമ്പറായ 80044, അല്ലെങ്കിൽ mukafeh@moi.gov ഇമെയിൽ വഴി അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.