ദുബൈ എക്സ്പോ 2020: പ്രദർശനം കഴിഞ്ഞാലും നഗരി വിസ്മയം തീർക്കും
text_fieldsദുബൈ: ലോകം നാളിതുവരെ കണ്ടിട്ടില്ലാത്ത വിസ്മയക്കാഴ്ചകളൊരുക്കാൻ ദുബൈ നഗരം തയാറെടുക്കുന്ന 'ദുബൈ എക്സ്പോ 2020'കഴിഞ്ഞാലും നഗരിയിലെ അതിശയങ്ങൾ അവസാനിക്കില്ല. ആഗോളജനതക്ക് അത്ഭുതക്കാഴ്ചകളൊരുക്കുന്ന എക്സ്പോ നഗരി അത്യാധുനിക സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും വേറിട്ട സംരംഭങ്ങളുടെും ഗ്ലോബൽ ഹബ്ബാക്കി നിലനിർത്താനുള്ള പദ്ധതിയൊരുക്കും. ഇതിനായുള്ള രൂപരേഖ ഇതിനകം പൂർത്തീകരിച്ചു. ഓരോ നിമിഷവും സ്മാർട്ടായി കുതിക്കുന്ന നഗരത്തിന് അതിവേഗമൊരുക്കാൻ സ്മാർട്ട് കേന്ദ്രമാക്കി എക്സ്പോ നഗരിയെ ഭാവിയിൽ നിലനിർത്തുകയാണ് ലക്ഷ്യം. എക്സ്പോക്കുശേഷം 'ഡിസ്ട്രിക്ട് 2020'എന്ന പേരിട്ട്, അത്യാധുനിക താമസകേന്ദ്രങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടം പ്രവർത്തിക്കും. ജർമൻ കമ്പനിയായ സീമെൻസുമായി സഹകരിച്ചാണ് ഭാവിയിലെ സ്മാർട്ട് സിറ്റിയൊരുക്കാൻ പദ്ധതി തയാറാക്കുന്നത്.
ദുബൈ എക്സ്പോ 2020യിൽ 190ൽപരം രാജ്യങ്ങളാണ് പവിലിയനുകളൊരുക്കി പങ്കാളികളാകുന്നത്. മനുഷ്യപുരോഗതിയും സാങ്കേതികതയും ആഘോഷമാക്കിക്കൊണ്ട് ഭാവിയിലെ ലോകം തുറന്ന് യു.എ.ഇ അന്താരാഷ്ട്ര സമൂഹത്തെ സ്വാഗതംചെയ്യാൻ ഇനി വെറും മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും പവിലിയനുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസരങ്ങൾ, ചലനാത്മകത, സുസ്ഥിരത എന്നീ പ്രമേയങ്ങൾക്കനുസരിച്ചാണ് പവിലിയനുകൾ ഒരുങ്ങുന്നത്. എക്സ്പോയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയൻ ഒരുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ദുബൈ ആതിഥേയത്വം വഹിക്കുന്ന ആഗോള മഹാമേളക്ക്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ സംസ്കാരവും നൂതനാശയങ്ങളും സാങ്കേതികതയും പ്രദർശിപ്പിക്കാനുള്ള അവസരമാണ് സജ്ജീകരിക്കുന്നത്.
ദുബൈ എക്സ്പോ 2020: പ്രദർശനം കഴിഞ്ഞാലും നഗരി വിസ്മയം തീർക്കുംഅതിശയങ്ങൾക്കൊപ്പം ആഗോള സംസ്കാരവും പൈതൃകങ്ങളും കൂടി ഇടംപിടിക്കുന്ന പവിലിയനുകളിൽ ഏറ്റവും വലിയ കേന്ദ്രമൊരുക്കുന്നത് ഇന്ത്യയാണ്. സാംസ്കാരിക തനിമക്കൊപ്പം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെയും ഐ.ടി ഉൾപ്പെടെയുള്ള മേഖലയിൽ നേടിയ നേട്ടങ്ങളും സമന്വയിപ്പിച്ച് രാജ്യത്തിെൻറ ആധുനിക മുഖമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 9000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന കൂറ്റൻ പവിലിയെൻറ നാലിൽ മൂന്നു ഭാഗവും ഏതാണ്ട് പൂർണമായിക്കഴിഞ്ഞു. അവസാന മിനുക്കുപണികൾ കൂടി പൂർത്തിയാക്കി ജൂലൈ അവസാനത്തോടെ ഇന്ത്യൻ പവിലിയൻ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചലിക്കുന്ന ഇന്ത്യ എന്ന പ്രമേയത്തിൽ അക്ഷരാർഥത്തിൽ അച്ചുതണ്ടിൽ ചലിക്കുന്ന രീതിയിലാണ് പവിലിയൻ നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവും ഒരുപോലെ വെളിവാക്കുന്ന രീതിയിലാണ് കറങ്ങുന്ന പാനലുകൾ തയാറാക്കുന്നത്. ആധുനിക ഭാരതത്തിെൻറ 75ാം വാർഷികം പ്രമാണിച്ച് അടുത്ത 75 കൊല്ലത്തേക്കുള്ള ദർശനങ്ങളും വ്യക്തമാക്കും. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുഖമാണ് കാറ്റിൽ കറങ്ങുന്ന പാനലുകളാൽ തീർത്ത പവിലിയൻ പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്. ഇതിൽ പതിച്ച മൊസൈക്ക് ഡിസൈനിലെ ഘടകങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന വ്യവസായ മേഖല എന്നിവയുടെ വൈവിധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
പവിലിയനിലെ താഴത്തെ നില ചൊവ്വയിലേക്കുള്ള രാജ്യം നടത്തിയ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിനുശേഷം സന്ദർശകർക്ക് യോഗക്കും ആരോഗ്യത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഔഷധസസ്യങ്ങൾ നിറഞ്ഞ പച്ചപ്പാതയിലൂടെ സഞ്ചരിക്കാം. ഇന്ത്യൻ പൈതൃകം, രാജ്യത്തെ മികച്ച ടൂറിസം കേന്ദ്രങ്ങൾ, നിലവിലുള്ളതും വളർന്നുവരുന്നതുമായ വ്യവസായ മേഖലയുടെ സചിത്രവിവരണം എന്നിവയാണ് അടുത്ത മൂന്നു തലങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.