‘13കാരനെ ദുബൈ പൊലീസിലെടുത്തു’
text_fieldsദുബൈ: പൊലീസ് ഉദ്യോഗസ്ഥൻ ആവണമെന്ന കൗമാരക്കാരന്റെ ആഗ്രഹം സാധിച്ചുനൽകി ദുബൈ പൊലീസ്. 13കാരൻ ഹുസൈൻ യൂസുഫ് മെർസക്കാണ് ഒരുദിവസത്തേക്ക് ദുബൈ പൊലീസിന്റെ യൂനിഫോം അണിയാൻ അവസരം ലഭിച്ചത്. ദുബൈയിലെ പരമ്പരാഗത പൊലീസ് സ്റ്റേഷനുകളിലൊന്നായ അൽ മുറാഖബത്ത് സ്റ്റേഷനിലാണ് കൗതുകം നിറഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ ഹുസൈൻ യൂസുഫ് യൂനിഫോമണിഞ്ഞാണ് സ്റ്റേഷൻ ഡ്യൂട്ടിക്കെത്തിയത്. ആരും കൊതിക്കുന്ന ദുബൈ പൊലീസിന്റെ ലക്ഷ്വറി പെട്രോൾ കാർ ഓടിക്കാനുള്ള സൗഭാഗ്യവും ഹുസൈൻ യൂസുഫിന് ലഭിച്ചു.
‘സ്കൂൾ സുരക്ഷ’ സംരംഭത്തിന്റെ ഭാഗമായി ജനറൽ ഡിപാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്റെ സുരക്ഷ ബോധവത്കരണ വകുപ്പാണ് വേറിട്ട പരിപാടിയുടെ സംഘാടകർ. അൽ മുറാഖബാത്ത് സ്റ്റേഷന്റെയും ജനറൽ ഡിപാർട്ട് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ടൂറിസം പൊലീസിന്റെയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
പൊതുജനങ്ങളിൽ സന്തോഷവും പൊലീസ് വകുപ്പിനോട് അനുകൂല മനോഭാവവും പ്രചരിപ്പിക്കുകയെന്നതാണ് ലക്ഷ്യം. അതോടൊപ്പം കമ്യൂണിറ്റി പൊലീസ് എന്ന ആശയം വിദ്യാഭ്യാസ രംഗത്ത് വ്യാപിപ്പിക്കുകയും വിദ്യാർഥികളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളെ കുറിച്ച് അധ്യാപകരിലും രക്ഷകർത്താക്കളിലും ബോധവത്കരണം ഉണ്ടാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വിദ്യാർഥികൾക്ക് പൊലീസിന്റെ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിന് ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് അൽ മുറാഖബാത്ത് പൊലീസ് സ്റ്റേഷനിലെ സ്കൂൾ സുരക്ഷ പദ്ധതിയുടെ കോഓഡിനേറ്റർ സാർജന്റ് മനാൽ അൽ ജുഹൈരി പറഞ്ഞു. സ്മാർട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറാൻ തയാറെടുക്കുന്ന ആദ്യ പരമ്പരാഗത പൊലീസ് സ്റ്റേഷനാണ് അൽ മുറാഖബത്ത് സ്റ്റേഷൻ. മനുഷ്യ ഇടപെടലില്ലാതെ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന സ്മാർട്ട് ഹബ്ബായി ഇതിനെ മാറ്റാനാണ് പദ്ധതി. കുട്ടിപ്പൊലീസിന് പ്രത്യേക പുരസ്കാരവും വിജയാശംസകളും നേർന്നാണ് ദുബൈ പൊലീസ് യാത്രയാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാലു വയസ്സുകാരനും ഒരു ദിവസത്തേക്ക് പൊലീസ് യൂനിഫോം അണിയാൻ ദുബൈ പൊലീസ് അവസരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.