പൊലീസ് ഇടപെടൽ വിജയം; താമസ മേഖലകളിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു
text_fieldsദുബൈ: നഗരത്തിലെ താമസ മേഖലകളിൽ കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങൾ 15ശതമാനം കുറഞ്ഞതായി ദുബൈ പൊലീസ്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ കാര്യങ്ങളിൽ പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും ഏർപ്പെടുത്തിയ പദ്ധതിയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചത്. ‘അയൽപക്കത്തെ പൊലീസുകാരൻ’ എന്നുപേരിട്ട പദ്ധതിയിലൂടെയാണ് താമസ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസിന് സാധിച്ചത്.
പദ്ധതി വഴി 1400കേസുകൾ രണ്ടുവർഷത്തിനുള്ളിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2013ൽ ആരംഭിച്ച പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളെ കുറിച്ച ബോധവൽകരണവും വർക്ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. സംരംഭത്തിലൂടെ വളരെ കാര്യക്ഷമമായ രീതിയിൽ ദുബൈയിലെ താമസക്കാർക്കും പൗരന്മാർക്കും ഇടയിൽ സുരക്ഷാ ബോധവൽകരണം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ക്രൈം പ്രിവൻഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ആരിഫ് അലി ബിഷോ പറഞ്ഞു. പരാതികൾ സ്വീകരിക്കുന്നതിനും തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനും ആശയവിനിമയ മാർഗം സ്ഥാപിച്ച് മികച്ച ബന്ധം കെട്ടിപ്പടുക്കാൻ പൊലീസിനെ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.